എംബപ്പേ ട്രെയിനിങ്ങിൽ പങ്കെടുത്തില്ല, ഫ്രാൻസ് ക്യാമ്പിൽ ആശങ്ക വിതച്ച് ഫ്ലൂ വൈറസ്!
ഈ വർഷത്തെ യുവേഫ യൂറോ കപ്പിന് ഇന്ന് തുടക്കമാവുകയാണ്.ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ജർമ്മനിയും സ്കോട്ട്ലാന്റും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നമുക്ക് കാണാൻ സാധിക്കുക. ബാക്കിയുള്ള എല്ലാ ടീമുകളും അവസാനഘട്ട തയ്യാറെടുപ്പുകളിൽ ആണ് ഇപ്പോൾ ഉള്ളത്.
ടൂർണമെന്റിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ഫ്രാൻസ്.കിലിയൻ എംബപ്പേയുടെ ക്യാപ്റ്റൻസിയിൽ ഫ്രാൻസ് പങ്കെടുക്കുന്ന ആദ്യത്തെ ടൂർണമെന്റ് കൂടിയാണ് ഇത്. നല്ല ഫ്രാൻസിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ക്യാമ്പിൽ ഫ്ലൂ വൈറസിന്റെ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.പല താരങ്ങൾക്കും വൈറൽ പനി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ കിലിയൻ എംബപ്പേ, സൂപ്പർ താരം കിംഗ്സ്ലി കോമാൻ എന്നിവർക്കൊക്കെ പനി ബാധിച്ചിട്ടുണ്ട്.
ഈ രണ്ട് താരങ്ങളും കഴിഞ്ഞ ദിവസത്തെ ട്രെയിനിങ്ങിൽ പങ്കെടുത്തിട്ടില്ല എന്നാണ് വിവരങ്ങൾ. മറ്റൊരു സൂപ്പർതാരമായ ഡെമ്പലക്കും പനി പിടിപെട്ടിരുന്നു. എന്നാൽ താൻ ഇപ്പോൾ ഓക്കേയായിട്ടുണ്ടെന്നും ബാക്കിയുള്ള എല്ലാ താരങ്ങളും രണ്ട് ദിവസത്തിനകം തന്നെ ഓക്കേ ആവുമെന്നും ഡെമ്പലെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഇപ്പോൾ ഏറെക്കുറെ ഓക്കെ ആയിട്ടുണ്ട്.കഴിഞ്ഞ ആഴ്ച എനിക്ക് പനി പിടിപെട്ടിരുന്നു.ക്യാമ്പിൽ പനി പിടിച്ച ആദ്യത്തെ വ്യക്തി ഞാനാണ്.ഇപ്പോൾ ഞാൻ റെഡിയായിട്ടുണ്ട്.ടീമിനും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല. എല്ലാ താരങ്ങളും രണ്ട് ദിവസത്തിനകം പൂർണ്ണ സജ്ജരാകും ” ഇതാണ് ഡെമ്പലെ പറഞ്ഞിട്ടുള്ളത്.
വരുന്ന പതിനേഴാം തീയതി അർദ്ധരാത്രിയാണ് ഫ്രാൻസ് ആദ്യ മത്സരം കളിക്കുക. എതിരാളികൾ ഓസ്ട്രിയയാണ്. നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഓസ്ട്രിയയെ പരാജയപ്പെടുത്തുക എന്നത് ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ക്യാപ്റ്റൻ കിലിയൻ എംബപ്പേയിൽ തന്നെയാണ് അവരുടെ മുഴുവൻ പ്രതീക്ഷകളും ഉള്ളത്.