എംബപ്പേയെ പുറത്തിരുത്തുമോ? പ്രതികരണവുമായി ഫ്രഞ്ച് കോച്ച്!

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുവേഫ യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കാൻ വമ്പൻമാരായ ഫ്രാൻസിന് കഴിഞ്ഞിട്ടുണ്ട്.ക്വാർട്ടർ ഫൈനലിൽ അവർ പോർച്ചുഗലിനെയാണ് പുറത്താക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അവരുടെ വിജയം. പക്ഷേ പ്രതീക്ഷക്കൊത്ത ഒരു പ്രകടനം ഇതുവരെ ഫ്രഞ്ച് ടീമിൽ നിന്നും ഉണ്ടായിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. 5 മത്സരങ്ങൾ കളിച്ചിട്ട് മൂന്ന് ഗോളുകൾ മാത്രമാണ് ഇതുവരെ ഫ്രാൻസ് നേടിയിട്ടുള്ളത്. അതിൽ രണ്ട് ഓൺ ഗോളുകളും ഒരു പെനാൽറ്റിയുമാണ് വരുന്നത്.

അതായത് ഓപ്പൺ നിന്ന് ഒരു ഗോൾ പോലും നേടാതെയാണ് ഫ്രാൻസ് ഇപ്പോൾ സെമിയിൽ എത്തിയിട്ടുള്ളത്. പെനാൽറ്റി ഗോൾ മാറ്റി നിർത്തിയാൽ എംബപ്പേക്ക് ഈ യൂറോയിൽ ഒന്നും തന്നെ അവകാശപ്പെടാനില്ല. പ്രതീക്ഷിച്ച പ്രകടനം അദ്ദേഹത്തിൽ നിന്നും വരുന്നില്ല എന്നത് കൂടാതെ മൂക്കിനേറ്റ പരിക്കും അദ്ദേഹത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സെമിയിൽ പുറത്തിരുത്തുമോ എന്ന് ഫ്രഞ്ച് പരിശീലകനായ ദെഷാപ്സിനോട് ചോദിക്കപ്പെട്ടിരുന്നു.ഇല്ല എന്ന് മറുപടി നൽകിയ പരിശീലകൻ അത് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേ ഇതിനോടകം തന്നെ ചരിത്രം കുറിച്ചു കഴിഞ്ഞ ഒരു താരമാണ്.കൂടുതൽ ചരിത്രം കുറിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.അദ്ദേഹത്തെ ലഭ്യമാവാൻ വേണ്ടി ഞങ്ങൾ സർവ്വതും ചെയ്തിട്ടുണ്ട്. ട്രെയിനിങ്ങിനിടയിൽ അദ്ദേഹത്തിന്റെ പുറം വേദനയുണ്ടായിരുന്നു. കൂടാതെ മൂക്കിന്റെ പ്രശ്നവും വന്നു.ഇതൊക്കെ ഉണ്ടായിട്ടും അദ്ദേഹം ഇവിടെ തുടരാൻ തീരുമാനിക്കുകയായിരുന്നു.എംബപ്പേ 100% ഓക്കേ അല്ലെങ്കിൽ പോലും അദ്ദേഹം എതിരാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അത് തന്നെയാണ് ഞങ്ങൾക്ക് വേണ്ടത് “ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സെമി ഫൈനൽ പോരാട്ടം ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമാവില്ല. തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സ്പെയിനാണ് അവരുടെ എതിരാളികൾ. ചൊവ്വാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ജർമ്മനിയെ പരാജയപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ സ്പെയിൻ സെമി യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *