എംബപ്പേയെ ദെഷാപ്സ് ചവിട്ടി പുറത്താക്കിയതാണ്:മുൻ ഫ്രഞ്ച് താരം!
ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളാണ് ഫ്രാൻസ് കളിക്കുന്നത്.ഇസ്രായേലും ഇറ്റലിയുമാണ് എതിരാളികൾ.ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ പരിശീലകനായ ദിദിയർ ദെഷാപ്സ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം കിലിയൻ എംബപ്പേക്ക് ഈ ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.ഫോം വീണ്ടെടുക്കാൻ വേണ്ടി പരിശീലകൻ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്.
എന്നാൽ മുൻ ഫ്രഞ്ച് താരമായിരുന്ന ജീൻ മൈക്കൽ ലാർക്യു ഇക്കാര്യത്തോട് യോജിക്കുന്നില്ല. മറിച്ച് എംബപ്പേയെ ദെഷാപ്സ് ടീമിൽ നിന്നും ചവിട്ടി പുറത്താക്കിയതാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അത് ലാർക്യു വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” യഥാർത്ഥത്തിൽ ഫ്രഞ്ച് ടീമിൽ നിന്നും എംബപ്പേയെ പരിശീലകൻ ചവിട്ടി പുറത്താക്കുകയാണ് ചെയ്തിട്ടുള്ളത്.കഴിഞ്ഞ തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.എംബപ്പേ കാരണം പറഞ്ഞത് പരിക്കിൽ നിന്നും സംരക്ഷണം നേടാൻ വേണ്ടിയാണ് എന്നാണ്. അതുകൊണ്ട് കൂടിയാണ് ദെഷാപ്സ് ഇത്തവണ അദ്ദേഹത്തെ ടീമിൽ നിന്നും പുറത്താക്കിയത്.ഇനി എംബപ്പേക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വയം സംരക്ഷിക്കാം ” ഇതാണ് മുൻ ഫ്രഞ്ച് താരം പറഞ്ഞിട്ടുള്ളത്.
എംബപ്പേയെ ഒഴിവാക്കിയതിന്റെ ഉത്തരവാദിത്വം തനിക്ക് മാത്രമാണ് എന്ന് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിരുന്നു. നിലവിലെ അവസ്ഥയിൽ എംബപ്പേ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോശം പ്രകടനമാണ് റയൽ മാഡ്രിഡിൽ ഇപ്പോൾ എംബപ്പേ നടത്തിക്കൊണ്ടിരിക്കുന്നത്.അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുകയും ചെയ്യുന്നുണ്ട്.