എംബപ്പേയെ ക്യാപ്റ്റനാക്കിയതിൽ ഗ്രീസി കലിപ്പായോ?നടന്നത് എന്ത്?

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതോടുകൂടി ഫ്രാൻസിന്റെ ക്യാപ്റ്റനായിരുന്നു ഹ്യൂഗോ ലോറിസ് ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല മറ്റു താരങ്ങളായ റാഫേൽ വരാനെയും കരീം ബെൻസിമയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.അതുകൊണ്ടുതന്നെ ഫ്രഞ്ച് ദേശീയ ടീമിന് ഒരു ക്യാപ്റ്റനെ ആവശ്യമായി വരികയായിരുന്നു. സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്മാൻ ഫ്രാൻസിന്റെ ക്യാപ്റ്റൻ ആവും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ കിലിയൻ എംബപ്പേയാണ് ഇനി ഫ്രാൻസിനെ നയിക്കുക എന്നുള്ള പ്രഖ്യാപനം കഴിഞ്ഞദിവസം ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാപ്സ് നടത്തിയിരുന്നു. ഇതിന് തുടർന്ന് ഒരുപാട് വാർത്തകൾ പിന്നീട് പുറത്തേക്ക് വന്നിരുന്നു. ഈ തീരുമാനത്തിൽ ഗ്രീസ്മാൻ കടുത്ത ദേഷ്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം ഫ്രാൻസ് ദേശീയ ടീമിൽ നിന്നു തന്നെ വിരമിക്കാൻ ആലോചിക്കുന്നു എന്നുമുള്ള റിപ്പോർട്ടുകൾക്ക് പുറത്തേക്ക് വന്നിരുന്നു. ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

അതായത് എംബപ്പേയെ ക്യാപ്റ്റനാക്കുക എന്ന തീരുമാനമെടുത്തത് പരിശീലകനാണ്. എന്നിട്ട് ആ തീരുമാനം ആദ്യം അറിയിച്ചത് എംബപ്പേയെ തന്നെയാണ്. ഒരു മണിക്കൂറിനു ശേഷം ഗ്രീസ്മാനെയും ഫ്രഞ്ച് താരങ്ങളെയും അറിയിച്ചു. ഈ തീരുമാനം അറിഞ്ഞപ്പോൾ ഗ്രീസ്മാന് കടുത്ത അസംതൃപ്തി ഉണ്ടായിരുന്നു. കാരണം തനിക്ക് നല്ല ബന്ധമുള്ള ഫ്രഞ്ച് പരിശീലകനിൽ നിന്നും ഇത്തരത്തിലുള്ള ഒരു തീരുമാനം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.

പക്ഷേ കാര്യങ്ങൾ കൂടുതൽ ഗൗരവം ആവാതിരിക്കാൻ ഫ്രഞ്ച് ക്യാമ്പിൽ മറ്റൊരു തന്ത്രം പ്രയോഗിക്കുകയായിരുന്നു. അതായത് രണ്ട് പേരെയും ഉൾപ്പെടുത്തിക്കൊണ്ട് പ്ലേസ്റ്റേഷൻ ഗെയിം സംഘടിപ്പിക്കുകയായിരുന്നു. രണ്ടുപേരും തമ്മിൽ ഗെയിം കളിക്കുകയും ഈയൊരു കലുഷിതമായ അന്തരീക്ഷം തണുക്കുകയും ചെയ്തു എന്നാണ് ഗോൾ ഡോട്ട് കോം കണ്ടെത്തിയിട്ടുള്ളത്. ചുരുക്കത്തിൽ എംബപ്പേയെ ക്യാപ്റ്റൻ ആക്കിയതിൽ ഗ്രീസ്മാന് എതിർപ്പുണ്ടെങ്കിലും സങ്കീർണ്ണമായ സാഹചര്യങ്ങളൊക്കെ ഒഴിവാക്കാൻ പരിശീലകന് കഴിഞ്ഞു എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *