എംബപ്പേയുടെ പകരക്കാരൻ, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഫ്രാൻസ്!
ഇന്ന് നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ഫ്രാൻസ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ ഇസ്രായേലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം നടക്കുക. ഹംഗറിയിലെ ബുഡാപെസ്റ്റിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
സൂപ്പർ താരം കിലിയൻ എംബപ്പേയുടെ അഭാവത്തിലാണ് ഫ്രാൻസ് ഇന്ന് ഇറങ്ങുക.എംബപ്പേ ഇത്തവണത്തെ സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല.പരിക്കിൽ നിന്നും പൂർണമായും മുക്തനാവാൻ വേണ്ടി പരിശീലകൻ എംബപ്പേക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. ഇക്കാര്യത്തിൽ വലിയ വിവാദങ്ങൾ ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്.
അന്റോയിൻ ഗ്രീസ്മാൻ ഫ്രഞ്ച് ടീമിൽ നിന്ന് വിരമിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പുതിയ ഒരു ക്യാപ്റ്റ ഫ്രാൻസിന് ഇപ്പോൾ ആവശ്യമായി വരികയായിരുന്നു.ആ സ്ഥാനം തേടിയെത്തിയിരിക്കുന്നത് സൂപ്പർ താരമായ ചുവാമെനിയെയാണ്. ഇന്നത്തെ മത്സരത്തിൽ അദ്ദേഹമാണ് ക്യാപ്റ്റന്റെ ആം ബാൻഡ് ധരിക്കുക.ഫ്രാൻസ് തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ ആവാൻ കഴിയുന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്ന് ചുവാമെനി ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. കുട്ടിക്കാലം തൊട്ടെ താൻ കണ്ട ഒരു സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കാരമാകുന്നതെന്നും ചുവാമെനി പറഞ്ഞിട്ടുണ്ട്.ഏതായാലും അദ്ദേഹത്തിന്റെ കീഴിൽ വിജയിക്കാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഈ മത്സരത്തിന് ശേഷം ബെൽജിയത്തെയാണ് ഫ്രാൻസ് നേരിടുന്നത്.ആ മത്സരത്തിൽ ചുവാമെനി തന്നെ ക്യാപ്റ്റനാകുമോ അതല്ല മറ്റേതെങ്കിലും താരങ്ങൾക്ക് അവസരം ലഭിക്കുമോ എന്നത് വ്യക്തമല്ല. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ റയൽ മാഡ്രിഡിന്റെയും ഫ്രാൻസിന്റെയും പ്രധാനപ്പെട്ട താരമായി മാറാൻ ചുവാമെനിക്ക് സാധിച്ചിട്ടുണ്ട്.