എംബപ്പേക്ക് ഫ്രഞ്ച് ടീമിനോട് ഒന്നും തെളിയിക്കേണ്ട കാര്യമില്ല: ചുവാമെനി

ഫ്രഞ്ച് ദേശീയ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപ്പേ ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസിന് വേണ്ടി കളിക്കുന്നില്ല. അദ്ദേഹം ടീമിൽ നിന്നും പിന്മാറുകയായിരുന്നു.പൂർണ്ണ ഫിറ്റ്നസ് എടുക്കാൻ വേണ്ടിയാണ് അദ്ദേഹം പിന്മാറിയത്. എന്നാൽ പരിക്കുകൾ ഒന്നും വരാതിരിക്കാൻ വേണ്ടി ഇന്റർനാഷണൽ ഡ്യൂട്ടിയിൽ നിന്നും എംബപ്പേ മനപ്പൂർവ്വം ഒഴിവായതാണ് എന്നാണ് ആരാധകർ ആരോപിക്കുന്നത്. ഫ്രഞ്ച് ടീമിനോട് എംബപ്പേക്ക് ഒരു ആത്മാർത്ഥയും ഇല്ലെന്നും ആരാധകർ ആരോപിക്കുന്നുണ്ട്.

ഇതിനിടെ സ്വീഡനിലെ ഒരു നൈറ്റ് ക്ലബ്ബിൽ എംബപ്പേ പ്രത്യക്ഷപ്പെട്ടിരുന്നു. റയൽ മാഡ്രിഡ് അദ്ദേഹത്തിന് അവധി നൽകിയതോടുകൂടിയാണ് അദ്ദേഹം സ്വീഡനിൽ എത്തിയത്.ഇതോടുകൂടി ഫ്രഞ്ച് ആരാധകരുടെ വിമർശനങ്ങൾ വർദ്ധിച്ചിരുന്നു. എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ട് സഹതാരമായ ചുവാമെനി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേക്ക് ഫ്രഞ്ച് ടീമിനോടുള്ള ഇഷ്ടവും ആത്മാർത്ഥതയും തെളിയിക്കേണ്ട കാര്യമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ചുവാമെനിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“നമ്മൾ കാര്യങ്ങളെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്.ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ള രീതിയിൽ ചിന്തിച്ചു കൂട്ടാം. പക്ഷേ നമുക്ക് എല്ലാവർക്കും എംബപ്പേയെ അറിയാവുന്നതാണ്. അദ്ദേഹം മത്സരം ഫോളോ ചെയ്തോ ഇല്ലയോ നമ്മൾ നോക്കേണ്ട കാര്യമില്ല. നമ്മൾ ഒരിക്കലും എംബപ്പേയുടെ ഫ്രഞ്ച് ടീമിനോടുള്ള ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പാടില്ല. ഫ്രഞ്ച് ടീമിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും ആത്മാർത്ഥതയും അദ്ദേഹം തെളിയിച്ചതാണ്.ഇനി ഒന്നും തെളിയിക്കാൻ ബാക്കിയില്ല. അദ്ദേഹത്തിന്റെ മടങ്ങിവരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ് ” ഇതാണ് റയൽ മാഡ്രിഡ് താരം കൂടിയായ ചുവാമെനി പറഞ്ഞിട്ടുള്ളത്.

എംബപ്പേയുടെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചത് ചുവാമെനിയാണ്.ഇന്ന് നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ബെൽജിയം ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *