എംബപ്പേക്കും ദെഷാപ്സിനും കൂവ്വൽ,അൽഭുതമില്ലെന്ന് റിയോളോ!
യുവേഫ നേഷൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ ഇറ്റലിയോട് ഒരു വമ്പൻ തോൽവി ഫ്രാൻസിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ അവർക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് ബെൽജിയത്തെ പരാജയപ്പെടുത്തിയിട്ടുള്ളത്.കോലോ മുവാനി,ഡെമ്പലെ എന്നിവർ നേടിയ ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ കിലിയൻ എംബപ്പേ ഉണ്ടായിരുന്നില്ല.ലിയോണിൽ വെച്ച് കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.
എന്നാൽ മത്സരത്തിനു മുന്നേ ഫ്രഞ്ച് പരിശീലകനും താരങ്ങൾക്കും സ്വന്തം ആരാധകരിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതായത് സ്ക്വാഡ് അനൗൺസ് ചെയ്യുന്ന സമയത്താണ് ദെഷാപ്സിനും എംബപ്പേക്കും കൂവലുകൾ ഏൽക്കേണ്ടി വന്നത്. സമീപകാലത്ത് മോശം പ്രകടനമാണ് എംബപ്പേയും ഫ്രാൻസും നടത്തുന്നത്.അതുകൊണ്ടുതന്നെയാണ് ഇരുവർക്കും കൂവലുകൾ ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാൽ ഇതിൽ അത്ഭുതപ്പെടേണ്ടതില്ല എന്ന് ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷകനായ ഡാനിയൽ റിയോളോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഫ്രഞ്ച് ടീമിന്റെ കളി കാണുന്നത് ആരാധകരെ തന്നെ ബോറടിപ്പിക്കുന്ന ഒരു കാര്യമാണ്. അത് ദെഷാപ്സ് മനസ്സിലാക്കണം. ഒരുപാട് തവണ ഈ പരിശീലകനെ രക്ഷിച്ചത് എംബപ്പേയുടെ പ്രകടനമാണ്.എന്നാൽ അദ്ദേഹത്തിന്റെ പ്രകടനവും ഇപ്പോൾ പരിതാപകരമാണ്. 2022 വേൾഡ് കപ്പിന് ശേഷം എംബപ്പേ ഒരു ശരാശരി താരം മാത്രമാണ്. നിലവിൽ ഫ്രഞ്ച് ടീമും എംബപ്പേയും പിറകോട്ട് നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആരാധകരിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടി വന്നതിൽ എനിക്ക് അത്ഭുതമൊന്നുമില്ല “ഇതാണ് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ് പറഞ്ഞിട്ടുള്ളത്.
എംബപ്പേയെ പകരക്കാരന്റെ രൂപത്തിലാണ് പരിശീലകൻ കളത്തിലേക്ക് ഇറക്കിയിരുന്നത്. സമീപകാലത്ത് ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താൻ എംബപ്പേ പലപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞ യൂറോ കപ്പിൽ ഓപ്പൺ നിന്നും കേവലം ഒരു ഗോൾ മാത്രമാണ് ഫ്രാൻസ് നേടിയിരുന്നത്. അതുകൊണ്ടുതന്നെ ദെഷാപ്സിനും എംബപ്പേക്കും വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഏറ്റുവാങ്ങേണ്ടി വരുന്നത്.