ഈ സമ്മർദ്ദം ഞങ്ങൾക്ക് ഒരു പ്രിവിലേജാണ്: ഇംഗ്ലീഷ് സൂപ്പർ താരം
യൂറോ കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നായ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. താരതമ്യേന ദുർബലരുള്ള ഗ്രൂപ്പിലാണ് ഇംഗ്ലണ്ട് ഉൾപ്പെട്ടിരിക്കുന്നത്. എന്നിട്ടും അവർ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങുകയായിരുന്നു. വിജയിച്ച മത്സരത്തിൽ കേവലം ഒരു ഗോളിന്റെ മാർജിനിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും നിരാശാജനകമായ പ്രകടനമാണ് അവർ നടത്തിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ഇംഗ്ലീഷ് താരങ്ങൾക്കും പരിശീലകൻ സൗത്ത് ഗേറ്റിനും ഇപ്പോൾ ലഭിക്കുന്നുണ്ട്. ഏതായാലും ഇക്കാര്യത്തിൽ ഇംഗ്ലീഷ് സൂപ്പർ താരമായ ആന്റണി ഗോർഡൻ തന്റെയൊരു അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ടീമിനെ ലഭിക്കുന്ന സമ്മർദ്ദം ഒരുതരത്തിൽ പ്രിവിലേജ് ആണ് എന്നാണ് ഗോർഡൻ പറഞ്ഞിട്ടുള്ളത്.അതിനുള്ള വിശദീകരണവും അദ്ദേഹം നൽകിയിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ ഇത് നേരത്തെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. സമ്മർദ്ദം എന്നുള്ളത് ഒരു പ്രിവിലേജാണ്. ന്യൂസിലാൻഡ് റഗ്ബി ഇതിഹാസമായ ഡാൻ കാർട്ടറുടെ ഒരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. അതിൽ സമ്മർദ്ദം ഒരു പ്രിവിലേജാണ് പ്രതിപാദിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന്റെ കാരണം ആളുകൾ നിങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നത് കൊണ്ടാണ്. ഒരുപാട് പ്രതീക്ഷിക്കാൻ കാരണം നിങ്ങൾ ഒരു മികച്ച താരമായതുകൊണ്ടാണ്, അല്ലെങ്കിൽ മികച്ച ടീമായതുകൊണ്ടാണ്. ഇത് തന്നെയാണ് ഇക്കാര്യത്തിൽ ഞങ്ങൾക്ക് പറയാനുള്ളത്. ഞങ്ങൾ മികച്ച ടീമാണ് “ഗോർഡൻ പറഞ്ഞു.
ഇംഗ്ലണ്ടും സ്ലോവാക്കിയയും തമ്മിലാണ് യൂറോ കപ്പിലെ പ്രീ ക്വാർട്ടർ മത്സരം കളിക്കുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഇംഗ്ലീഷ് ടീം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കേവലം രണ്ട് ഗോളുകൾ മാത്രമാണ് ഇംഗ്ലീഷ് താരനിരക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.