ഈ ദേഷ്യം എനിക്ക് മനസ്സിലാകും, ഞങ്ങൾക്ക് കൂടുതൽ സമയം തരൂ:ഡാനിലോ
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഉറുഗ്വയാണ് ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയത്.ഇതോടെ സെമിഫൈനലിൽ പോലും എത്താതെ ബ്രസീൽ കോപ്പ അമേരിക്കയിൽ നിന്നും പുറത്തായി.എഡർ മിലിറ്റാവോ,ഡഗ്ലസ് ലൂയിസ് എന്നിവർ പെനാൽറ്റി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.
സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ബ്രസീൽ നടത്തുന്നത്. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങളും അവർക്ക് ഇപ്പോൾ വരുന്നുണ്ട്.ബ്രസീലിയൻ സൂപ്പർതാരമായ ഡാനിലോ ഇതിനോട് പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ ദേഷ്യം തനിക്ക് മനസ്സിലാകുമെന്നും എന്നാൽ ഈ പുതിയ ജനറേഷന് കൂടുതൽ സമയം അനുവദിക്കേണ്ടതുണ്ട് എന്നുമാണ് ഡാനിലോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾക്കുമേൽ കടുത്ത ദേഷ്യമുണ്ട് എന്നത് എനിക്ക് മനസ്സിലാകും.അത് പ്രതീക്ഷിക്കപ്പെട്ട ഒരു കാര്യമാണ്. പക്ഷേ ബ്രസീൽ ദേശീയ ടീമിനെ ഈ താരങ്ങൾക്ക് നമ്മൾ നിർബന്ധമായും കൂടുതൽ സമയം നൽകണം.ബ്രസീൽ ടീമിന്റെ പുതിയ ജനറേഷനെയാണ് അവർ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ക്ഷമ പാലിക്കേണ്ടതുണ്ട് ” ഇതാണ് ഡാനിലോ പറഞ്ഞിട്ടുള്ളത്.
2019ന് ശേഷം ബ്രസീലിന് കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. അതേസമയം കൊളംബിയയും ഉറുഗ്വയും തമ്മിലാണ് കോപ്പ അമേരിക്ക സെമി ഫൈനലിൽ ഏറ്റുമുട്ടുക. മറ്റൊരു സെമിഫൈനലിൽ അർജന്റീനയും കാനഡയും തമ്മിൽ മാറ്റുരക്കും.പിന്നീട് ജൂലൈ പതിനഞ്ചാം തീയതിയാണ് കലാശ പോരാട്ടം നടക്കുക.