ഇറ്റലിയെ വേൾഡ് കപ്പ് ജേതാവാക്കിയ ഇതിഹാസതാരം പൌലോ റോസ്സി ലോകത്തോട് വിടപറഞ്ഞു !

ഫുട്ബോൾ ലോകത്തിന് മറ്റൊരു ഇതിഹാസത്തെ കൂടി നഷ്ടമായിരുന്നു. ഇറ്റാലിയൻ ഇതിഹാസതാരം പൌലോ റോസ്സിയാണ് ലോകത്തോട് വിടചൊല്ലിയത്. അദ്ദേഹത്തിന്റെ വിയോഗവാർത്ത ഇറ്റാലിയൻ ചാനൽ ആയ റായ് സ്പോർട്ട് ആണ് പുറത്ത് വിട്ടിരിക്കുന്നത്. 64 വയസ്സായിരുന്നു. കഴിഞ്ഞ നവംബർ ഇരുപത്തിയഞ്ചാം തിയ്യതി ഇതിഹാസതാരം മറഡോണയെ ഫുട്ബോൾ ലോകത്തിന് നഷ്ടമായതിന് പിന്നാലെയാണ് മറ്റൊരു ഇതിഹാസത്തെ കൂടി നഷ്ടമാവുന്നത്. 1982 വേൾഡ് കപ്പിലെ ഹീറോയായിരുന്നു റോസ്സി. അന്ന് ഇറ്റലി കിരീടജേതാക്കളായത് ഇദ്ദേഹത്തിന്റെ മികവിലായിരുന്നു.

സ്പെയിനിൽ വെച്ച് നടന്ന വേൾഡ് കപ്പിൽ മിന്നും പ്രകടനമായിരുന്നു ഇദ്ദേഹം കാഴ്ച്ചവെച്ചിരുന്നത്. ബ്രസീലിനെതിരെ ഹാട്രിക് നേടിയ ഇദ്ദേഹം ഫൈനലിൽ ജർമ്മനിക്കെതിരെ ഗോളും നേടിയിരുന്നു. വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കിയത് റോസ്സിയായിരുന്നു. എന്നാൽ പിന്നീട് കുറച്ചു കാലം മാച്ച് ഫിക്സിങ്ങുമായി ബന്ധപ്പെട്ട് താരത്തിന് വിലക്ക് ലഭിച്ചിരുന്നു. പിന്നീട് തിരിച്ചു വരികയും ചെയ്തു. ക്ലബ്‌ കരിയർ താരം ഇറ്റലിയിൽ തന്നെയാണ് ചിലവഴിച്ചത്. യുവന്റസ്, എസി മിലാൻ എന്നിവർക്ക്‌ വേണ്ടി കളിച്ചിട്ടുണ്ട്. രണ്ട് സിരി എ, ഒരു യൂറോപ്യൻ കപ്പ് എന്നിവ താരം നേടിയിട്ടുണ്ട്. താരത്തിന്റെ നിര്യാണത്തിൽ ഫുട്ബോൾ ലോകത്തെ പ്രമുഖർ അനുശോചനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *