ഇറ്റലിയാണ് എതിരാളികളെങ്കിൽ റൊണാൾഡോ ബുദ്ധിമുട്ടും : ബൊനൂച്ചി!
വരുന്ന ഖത്തർ വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നേടാനാവാതെ പോയ രണ്ട് യൂറോപ്യൻ വമ്പൻമാരാണ് ഇറ്റലിയും പോർച്ചുഗല്ലും. ഇവരിൽ ഒരു ടീം വേൾഡ് കപ്പിന് ഉണ്ടാവില്ല എന്നുള്ള കാര്യം ഉറപ്പാണ്. എന്തെന്നാൽ പ്ലേ ഓഫിൽ ഒരേ ഗ്രൂപ്പിലാണ് ഇറ്റലിയും പോർച്ചുഗല്ലും ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഇറ്റലിയുടെ എതിരാളികൾ നോർത്ത് മാസിഡോണിയയും പോർച്ചുഗല്ലിന്റെ എതിരാളികൾ തുർക്കി. ഇവരെ കീഴടക്കാൻ കഴിഞ്ഞാൽ ഫൈനലിൽ പോർച്ചുഗല്ലും ഇറ്റലിയും ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവർക്കാണ് വേൾഡ് കപ്പിന് യോഗ്യത ലഭിക്കുക.
ഇങ്ങനെ പോർച്ചുഗല്ലിന്റെ എതിരാളികളായി ഇറ്റലി വന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗല്ലും ഒന്ന് ബുദ്ധിമുട്ടുമെന്നറിയിച്ചിരിക്കുകയാണിപ്പോൾ ഇറ്റലിയുടെ സൂപ്പർ താരമായ ലിയനാർഡോ ബൊനൂച്ചി. തമാശ രൂപേണ ഇക്കാര്യം ക്രിസ്റ്റ്യാനോയുമായി സംസാരിച്ചിട്ടുണ്ടെന്നും ബൊനൂച്ചി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 27, 2021
” ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സംസാരിച്ചിരുന്നു.ഇറ്റലി vs പോർച്ചുഗൽ മത്സരം നടക്കാനുള്ള സാധ്യതകളെ പറ്റി ഞങ്ങൾ തമാശ രൂപേണ ചർച്ച ചെയ്തിരുന്നു.കളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം.ഇറ്റലി എതിരാളികളായി വന്നാൽ ബുദ്ധിമുട്ടുമെന്നുള്ള കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോക്കറിയാം.കളത്തിൽ എന്ത് നടപ്പിലാക്കണം എന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പിന്നീട് മാർച്ചിൽ ഞങ്ങൾ പരസ്പരം ഏറ്റുമുട്ടും.നല്ല മികച്ച രണ്ട് മത്സരങ്ങൾ ഞങ്ങൾ കളിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല ” ബൊനൂച്ചി പറഞ്ഞു.
ഒരുപക്ഷെ ബൊനൂച്ചിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന വേൾഡ് കപ്പായിരിക്കും ഖത്തർ വേൾഡ് കപ്പ്. എന്നാൽ രണ്ടിലൊരാൾ ഈ വേൾഡ് കപ്പിന് ഉണ്ടാവില്ല എന്നുള്ളത് ഫുട്ബോൾ ആരാധകർക്ക് വേദനജനകമായ ഒരു കാര്യമാണ്.