ഇരട്ട ഗോൾ,എംബപ്പേയെ മറികടന്ന് വീണ്ടും ഒന്നാമനായി ഹാലന്റ്!
ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ വിജയം നേടാൻ നോർവേക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നോർവേ സൈപ്രസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റ് തന്നെയാണ് ഈ മത്സരത്തിൽ നോർവേക്ക് വേണ്ടി തിളങ്ങിയത്. രണ്ട് ഗോളുകളാണ് മത്സരത്തിൽ താരം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 12ആം മിനുട്ടിൽ സോൾബക്കനിലൂടെ നോർവേ ലീഡ് നേടുകയായിരുന്നു. പിന്നീട് 56ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഹാലന്റ് ലക്ഷ്യത്തിൽ എത്തിച്ചു. തുടർന്ന് അറുപതാം മിനിറ്റിൽ ഒഡീഗാർഡിന്റെ അസിസ്റ്റിൽ നിന്ന് ഹാലന്റ് വീണ്ടും വല കുലുക്കിയതോടെ നോർവേ വിജയം ഉറപ്പിക്കുകയായിരുന്നു.
ഈ ഇരട്ട ഗോളുകൾ നേടിയതോടെ ഹാലന്റ് ഒന്നാം സ്ഥാനം ഒരിക്കൽ കൂടി ഒറ്റക്ക് സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ ഇതുവരെ നേടിയിരുന്നത് എംബപ്പേയും ഹാലന്റുമായിരുന്നു. രണ്ടുപേരും 54 ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്. എന്നാൽ ഹാലന്റ് അതിപ്പോൾ 56 ഗോളുകളാക്കി ഉയർത്തിയിട്ടുണ്ട്.
Just the 5️⃣6️⃣ goals for Erling Haaland this season 🤖 pic.twitter.com/KX7dC1HUbB
— 433 (@433) June 20, 2023
40 ഗോളുകൾ നേടിയിട്ടുള്ള കെയ്ൻ,38 ഗോളുകൾ നേടിയിട്ടുള്ള ലയണൽ മെസ്സി,35 ഗോളുകൾ നേടിയിട്ടുള്ള ലെവന്റോസ്ക്കി, 33 ഗോളുകൾ നേടിയിട്ടുള്ള മാർക്കസ് റാഷ്ഫോർഡ് എന്നിവർ ഇവരുടെ പിറകിലും വരുന്നു.
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മൂന്ന് കിരീടങ്ങൾ ഹാലന്റ് നേടിയിട്ടുണ്ട്.മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലും ടോപ്പ് സ്കോററായി മാറാൻ ഹാലന്റിന് സാധിച്ചിരുന്നു. ഇതിന് പുറമേ യുവേഫ നേഷൻസ് ലീഗ് ബിയിലും ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങളും വഹിച്ചതാരം ഹാലന്റാണ്. ചുരുക്കത്തിൽ അദ്ദേഹത്തിന്റെ ബാലൺഡി’ഓർ സാധ്യതകൾ ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.