ഇപ്പോൾ എംബപ്പേയല്ല,ഹാലന്റാണ് ഏറ്റവും മികച്ച സ്ട്രൈക്കർ:റാൾഫ് റാഗ്നിക്ക്!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ നോർവേക്ക് കഴിഞ്ഞിരുന്നു.റാൾഫ് റാഗ്നിക്ക് പരിശീലിപ്പിക്കുന്ന ഓസ്ട്രിയയെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് നോർവേ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ നോർവേയുടെ വിജയഗോൾ നേടിയത് സൂപ്പർ താരം ഏർലിംഗ് ഹാലന്റാണ്. മത്സരത്തിന്റെ 80 മിനിറ്റിൽ ഗുണ്ടെഴ്സന്റെ അസിസ്റ്റിൽ നിന്നാണ് ഹാലന്റിന്റെ ഗോൾ പിറന്നിട്ടുള്ളത്.
തകർപ്പൻ ഫോമിലാണ് ഹാലന്റ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ഈ ജൂൺ മാസം മുതൽ ആകെ 17 ഗോളുകൾ നേടാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.രണ്ട് ഹാട്രിക്കുകൾ താരം പൂർത്തിയാക്കി കഴിഞ്ഞു. അത്രയും മാരകമായ ഫോമിലാണ് ഹാലന്റ് ഉള്ളത്.
അതേസമയം എംബപ്പേക്ക് ഇത് ഒരല്പം ബുദ്ധിമുട്ടേറിയ സമയമാണ്. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഗോളടിക്കാൻ എംബപ്പേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മത്സരത്തിൽ നോർവേയോട് പരാജയപ്പെട്ടതിനുശേഷം ഓസ്ട്രിയൻ പരിശീലകനായ റാൾഫ് റാഗ്നിക്ക് ഹാലന്റിനെ പ്രശംസിച്ചിട്ടുണ്ട്. ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ ഹാലന്റാണ് എന്നാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മാസങ്ങൾക്കു മുൻപ് ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാർ എംബപ്പേയും ഹാലന്റുമാണ് എന്നാണ് ഞാൻ പറഞ്ഞിരുന്നത്.എന്നാൽ ഇപ്പോൾ അങ്ങനെയല്ല.എംബപ്പേക്ക് ഇത് ഒരല്പം മോശം സമയമാണ്. ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ ഇപ്പോൾ ഹാലന്റാണ്. ബലഹീനതകൾ വളരെ കുറവുള്ള താരമാണ് ഹാലന്റ്. അദ്ദേഹത്തിന്റെ ശരീരവും വേഗതയും ചാടാനുള്ള കരുത്തുമെല്ലാം വളരെ അസാധാരണമാണ് ” ഇതാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.
ഇനി ഹാലന്റ് പ്രീമിയർ ലീഗിലാണ് അടുത്ത മത്സരം കളിക്കുക. മാഞ്ചസ്റ്റർ സിറ്റിയും ബ്രന്റ് ഫോർഡും തമ്മിലുള്ള മത്സരം വരുന്ന ശനിയാഴ്ചയാണ് അരങ്ങേറുക.