ഇപ്പൊ അവനൊരു വായാടിയായി മാറിയിരിക്കുന്നു:വിനിയെ വിമർശിച്ച റോഡ്രിക്കെതിരെ നെയ്മർ
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ റോഡ്രിയാണ് സ്വന്തമാക്കിയിരുന്നത്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസിനെയായിരുന്നു അദ്ദേഹം തോൽപ്പിച്ചിരുന്നത്.ഇക്കാര്യത്തിൽ വലിയ വിവാദങ്ങൾ നിലനിന്നിരുന്നു. റയൽ മാഡ്രിഡ് ഈ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം റോഡ്രി തന്റെ ഒരു അഭിമുഖത്തിൽ വിനീഷ്യസിന്റെ സ്വഭാവത്തെ വിമർശിച്ചിരുന്നു. കളിക്കളത്തിൽ ശ്രദ്ധിക്കണം എന്നായിരുന്നു അദ്ദേഹം വിനീഷ്യസിന് നൽകിയ ഉപദേശം. അദ്ദേഹം പറഞ്ഞത് നോക്കാം.
“വിനീഷ്യസ് ജൂനിയർ വളരെയധികം ഇന്റലിജൻഡ് ആയ ഒരു വ്യക്തിയാണ്. പക്ഷേ കളിക്കളത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്നുള്ള കാര്യം അദ്ദേഹം വൈകാതെ തിരിച്ചറിയും. കളത്തിനകത്തും പുറത്തും വിനീഷ്യസ് മെച്ചപ്പെടേണ്ട പല ഭാഗങ്ങളും ഉണ്ട്.അദ്ദേഹം യുവതാരമാണ്.ആളുകൾ അദ്ദേഹത്തിന് നല്ല ഉപദേശങ്ങൾ നൽകുമെന്ന് ഞാൻ കരുതുന്നു. റയൽ മാഡ്രിഡ് മികച്ച മൂല്യങ്ങൾ ഉള്ള ക്ലബ്ബാണ്. അവർ അദ്ദേഹത്തെ തിരുത്തണം ” ഇതായിരുന്നു റോഡ്രി പറഞ്ഞിരുന്നത്.
എന്നാൽ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർക്ക് റോഡ്രിയുടെ ഈ ഉപദേശം ഒട്ടും ഇഷ്ടമായിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ ഒരു കമന്റ് രേഖപ്പെടുത്തിക്കൊണ്ട് നെയ്മർ രംഗത്ത് വന്നിട്ടുണ്ട്.’അവനിപ്പോൾ ഒരു വായാടിയായി മാറിയിരിക്കുന്നു ‘ എന്നാണ് നെയ്മർ കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ചിരിക്കുന്ന ഇമോജിയും ചേർത്തിട്ടുണ്ട്.റോഡ്രി ഒരു അധിക പ്രസംഗിയായി എന്നാണ് നെയ്മർ ഇപ്പോൾ വിമർശിക്കുന്നത്.
ഏതായാലും ബാലൺഡി’ഓർ വിഷയത്തിൽ ഫുട്ബോൾ ലോകം രണ്ട് തട്ടിലായിരുന്നു.അതിപ്പോഴും തുടരുകയാണ്.ബാലൺഡി’ഓർ സെലിബ്രേഷനിടെ റോഡ്രി വിനിയെ പരിഹസിച്ചതൊക്കെ വലിയ വിവാദമായിരുന്നു.