ഇന്ത്യയെ കോപ്പ അമേരിക്കയിലേക്ക് ക്ഷണിച്ചോ? യാഥാർഥ്യമിതാണ്!

ഇന്നലെയായിരുന്നു രണ്ട് രാജ്യങ്ങൾ കോപ്പ അമേരിക്കയിൽ പിന്മാറിയതായി കോൺമെബോൾ അറിയിച്ചത്. അതിഥി ടീമുകളായി എത്തേണ്ടിയിരുന്ന ഖത്തറും ഓസ്ട്രേലിയയുമാണ് പിന്മാറിയത്. യോഗ്യത മത്സരങ്ങൾ കളിക്കാനുള്ളതിനാലാണ് ഖത്തർ പിന്മാറിയതെങ്കിൽ കോവിഡ് പ്രശ്നങ്ങൾ മൂലമാണ് ഓസ്ട്രേലിയ ടൂർണമെന്റിൽ നിന്നും പിന്മാറിയത്. തുടർന്ന് പകരമായി രണ്ട് രാജ്യങ്ങളെ ടൂർണമെന്റിൽ ഉൾപ്പെടുത്താൻ കോൺമെബോൾ തീരുമാനിച്ചിട്ടുണ്ട്. ഇതേതുടർന്ന് നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇന്ത്യയെ കോൺമെബോൾ ക്ഷണിച്ചുവെന്ന വാർത്തകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗികമായി ഇന്ത്യയെ കോൺമെബോൾ ക്ഷണിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.

ടൈംസ്‌ ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അതേസമയം ഇന്ത്യയെ കുറിച്ച് കോൺമെബോളും ഓസ്ട്രേലിയയും തമ്മിൽ ചർച്ച ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇന്ത്യയെ പങ്കെടുപ്പിക്കാൻ ഓസ്ട്രേലിയ സജഷൻ നൽകിയതായാണ് റിപ്പോർട്ടുകൾ ഉള്ളത്. എന്നാൽ കോൺമെബോൾ ഔദ്യോഗികമായി ആരെങ്കിലും ക്ഷണിച്ചുവോ എന്നുള്ള കാര്യം ഇതുവരെ വ്യക്തമല്ല.അതേസമയം ഇന്ത്യയെ ഷെഡ്യൂൾ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ കോൺമെബോൾ ക്ഷണിക്കുമെന്ന പ്രതീക്ഷയും എഐഎഫ്എഫ് വെച്ചു പുലർത്തുന്നുണ്ട്.കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക കോവിഡ് മൂലം ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. അർജന്റീന, കൊളംബിയ എന്നീ രാജ്യങ്ങളാണ് ഇത്തവണത്തെ കോപ്പക്ക് ആതിഥേയത്വമുരുളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *