ഇനി ഓഫ്സൈഡുകൾ വേഗത്തിലറിയാം,ഖത്തർ വേൾഡ് കപ്പിൽ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഫിഫ!

കഴിഞ്ഞ 2018-ലെ റഷ്യൻ വേൾഡ് കപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ VAR വിജയകരമായി നടപ്പിലാക്കാൻ ഫിഫക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ കൂടുതൽ മികവുറ്റ ഒരു രീതി വരുന്ന വേൾഡ് കപ്പിൽ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫിഫയുള്ളത്.ഫിഫ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജിയാണ് വരുന്ന കപ്പിൽ ഫിഫ നടപ്പിലാക്കുക. കൂടുതൽ വേഗത്തിലുള്ളതും കൃത്യമായതുമായ ഓഫ്സൈഡ് വിവരങ്ങൾ ഇതുവഴി ലഭിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ പരീക്ഷണങ്ങൾ എല്ലാം തന്നെ വിജയകരമായി പൂർത്തിയായതായും ഫിഫ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ ടെക്നോളജിക്ക് വേണ്ടി 12 ക്യാമറകളാണ് സ്റ്റേഡിയത്തിന്റെ മുകൾഭാഗത്ത് സ്ഥാപിക്കുക. മാത്രമല്ല വേൾഡ് കപ്പിനുള്ള അൽ റിഹ്ല പന്തിന്റെ മധ്യഭാഗത്ത് ഒരു സെൻസർ ഘടിപ്പിക്കുകയും ചെയ്യും. ഈ ക്യാമറകളും സെൻസറും വഴി താരങ്ങളുടെ പൊസിഷനും പന്തിന്റെ സ്ഥാനവുമൊക്കെ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയും. അങ്ങനെ നേരിയ ഓഫ് സൈഡ് പോലും ഈ ടെക്നോളജിയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് ഫിഫ അറിയിക്കുന്നത്.

ഏതായാലും ഖത്തർ വേൾഡ് കപ്പിലെ റഫറിമാർക്ക് ഏറെ സഹായകരമാകുന്ന ഒരു ടെക്നോളജി തന്നെയാണ് ഫിഫ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.ഓഫ്സൈഡിന്റെ പേരിലുള്ള വിവാദങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ ഈ പുതിയ സാങ്കേതികവിദ്യക്ക് കഴിഞ്ഞേക്കും. ഈ ടെക്നോളജി ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കാൻ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് സാധിക്കുന്നതിലൂടെ കുറ്റമറ്റ ഒരു വേൾഡ് കപ്പ് നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ഫിഫയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *