ഇത് വലിയ ഒരു ആദരമാണ് :റോഡ്രിഗോ പറയുന്നു!

ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ബ്രസീലിനെ പരാജയപ്പെടുത്തിയത്.ബൗഫൽ,സാബിരി എന്നിവരുടെ ഗോളുകളാണ് മൊറോക്കോക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. ക്യാപ്റ്റൻ കാസമിറോയാണ് ബ്രസീലിന്റെ ഏക ഗോൾ നേടിയത്.

ഈ മത്സരത്തിൽ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത് റോഡ്രിഗോ ആയിരുന്നു. നെയ്മറുടെ അഭാവത്തിലാണ് ഇപ്പോൾ റോഡ്രിഗോ പത്താം നമ്പർ ജേഴ്സി അണിഞ്ഞിട്ടുള്ളത്. പരിക്കു മൂലം നെയ്മർക്ക് ഈ മത്സരത്തിനുള്ള ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.പെലെയുടെയും നെയ്മറുടെയും ഒക്കെ പിൻഗാമിയായി കൊണ്ട് ഈ പത്താം നമ്പർ ജേഴ്സി അണിയാൻ കഴിയുന്നത് ഒരു ആദരമാണ് എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീലിന്റെ ടീം ഇന്ന് അറിയപ്പെടാനുള്ള കാരണം പെലെയാണ്. അതേക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്.അതിനെ ഞങ്ങൾ അദ്ദേഹത്തോട് നന്ദി പറയുന്നു.പെലെയും നെയ്മറുമൊക്കെ അണിഞ്ഞ ഈ പത്താം നമ്പർ ജേഴ്സി അണിയാൻ സാധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആദരം തന്നെയാണ് ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ഡിസംബർ 29ആം തീയതിയായിരുന്നു ഫുട്ബോൾ ഇതിഹാസമായ പെലെ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന് ആദരം അർപ്പിച്ചുകൊണ്ടാണ് ഇന്നലത്തെ ബ്രസീലിന്റെ മത്സരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *