ഇത് പ്രതികാരത്തിനുള്ള സമയം : സുവാരസിനും ഉറുഗ്വക്കും മുന്നറിയിപ്പുമായി ഘാന എഫ്എ പ്രസിഡന്റ്‌!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതിലെ ഏറ്റവും ആകർഷകമായ കാര്യങ്ങളിലൊന്ന് ലാറ്റിനമേരിക്കൻ വമ്പൻമാരായ ഉറുഗ്വ ഒരിക്കൽ കൂടി ഘാനയെ നേരിടുന്നു എന്നുള്ളതാണ്.ഗ്രൂപ്പ് എച്ചിൽ ഉറുഗ്വക്ക് പുറമെ പോർച്ചുഗൽ,കൊറിയ,ഘാന എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്.

2010-ലെ വേൾഡ് കപ്പിൽ ഉറുഗ്വയും ഘാനയും ഏറ്റുമുട്ടിയ ക്വാർട്ടർ ഫൈനൽ മത്സരം ഫുട്ബോൾ ആരാധകർ മറക്കാനിടയില്ലാത്ത ഒരു മത്സരമാണ്.അന്ന് ഘാനയുടെ ഗോൾ എന്നുറച്ച ഒരു നീക്കം ഗോൾ ലൈനിന്റെ തൊട്ടടുത്ത് വെച്ച് സുവാരസ്‌ കൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു.തുടർന്ന് സുവാരസിന് റെഡ് കാർഡും ഘാനക്ക് പെനാൽറ്റിയും അനുവദിച്ച് നൽകി.എന്നാൽ അസമോവ ഗ്യാൻ പെനാൽറ്റി പാഴാക്കുകയായിരുന്നു. പിന്നീട് നടന്ന ഷൂട്ടൗട്ടിൽ ഘാന പരാജയപ്പെട്ട് കൊണ്ട് പുറത്താകുകയായിരുന്നു.മത്സരശേഷം സുവാരസ്‌ വലിയ രൂപത്തിലാണ് ഈ വിജയം ആഘോഷിച്ചത്.ഇതിനെതിരെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നിരുന്നു.

ഏതായാലും ഉറുഗ്വയോടും സുവാരസിനോടും പ്രതികാരം തീർക്കാനുള്ള ഒരുക്കത്തിലാണ് ഘാനയുള്ളത്.ഇക്കാര്യത്തിൽ ഘാന ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് ഒരു മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇത് പ്രതികാരത്തിനുള്ള സമയമാണ് എന്നാണ് ഘാന FA പ്രസിഡന്റായ കുർട്ട് ഒക്രാക്കു പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ബിബിസി റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇത് പ്രതികാരത്തിനുള്ള സമയമാണ് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.സുവാരസിന്റെ ആ ഹാൻഡ് ബോൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ വിജയിക്കേണ്ട ഒരു മത്സരമാണത്. ഒരിക്കൽക്കൂടി അവർക്കെതിരെ കളത്തിലിറങ്ങാൻ സാധിക്കുന്നു എന്നുള്ളത് താൽപര്യമുണർത്തുന്ന കാര്യമാണ്. ഇത്തവണ തീർച്ചയായും ഈ മത്സരമൊരു നല്ല ഓർമ്മയായിരിക്കും ” ഇതാണ് ഒക്രാക്കു പറഞ്ഞിട്ടുള്ളത്.

ആ സംഭവം നടന്ന് കഴിഞ്ഞിട്ട് 12 വർഷങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.എന്നാൽ ഉറുഗ്വയുടെ നിരയിൽ ഇപ്പോഴും സുവാരസ് സജീവസാന്നിധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *