ഇത് ഞങ്ങൾക്ക് ആവശ്യമായിരുന്നു: ഹീറോയായ ഹെൻറിക്കെ പറയുന്നു!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഗംഭീര വിജയമാണ് ബ്രസീൽ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പെറുവിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം റാഫിഞ്ഞ മത്സരത്തിൽ ഇരട്ട പെനാൽറ്റി ഗോളുകൾ നേടിയിരുന്നു.ലൂയിസ് ഹെൻറിക്കെ ഒരു ഗോളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ നേടിയത്.ആൻഡ്രിയാസ് പെരേര ഒരു ഗോളും ഇഗോർ ജീസസ് ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. പകരക്കാരനായി വന്ന ലൂയിസ് ഹെൻറിക്കെ ഒരിക്കൽ കൂടി ഹീറോയായി മാറുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.
വളരെ കുറച്ച് മിനിറ്റുകൾ മാത്രം രണ്ടു മത്സരങ്ങളിലായി കളിച്ച ഹെൻറിക്കെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.ഏതായാലും ടീമിന്റെ വിജയത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വിജയം തങ്ങൾക്ക് ആവശ്യമായിരുന്നു എന്നും അത്രയേറെ ഹാർഡ് വർക്ക് ബ്രസീൽ ചെയ്തിട്ടുണ്ട് എന്നുമാണ് ഹെൻറിക്കെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഞങ്ങൾക്ക് ഈ വിജയം ആവശ്യമുണ്ടായിരുന്നു.കാരണം ഞങ്ങൾ അത്രയേറെ വർക്ക് ചെയ്തിട്ടുണ്ട്.ഇവിടെയുള്ള എല്ലാവരും വളരെയധികം ഡെഡിക്കേറ്റഡ് ആണ്.വിജയം മാത്രമാണ് ഞങ്ങളുടെ എല്ലാവരുടെയും ലക്ഷ്യം.വിജയിക്കാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.ഞങ്ങൾ ഇനിയും മുന്നോട്ടുപോകണം. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വർക്ക് തന്നെയാണ്.രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.ഇന്നത്തെ മത്സരം വളരെയധികം ബുദ്ധിമുട്ടാകുമായിരുന്നു. പക്ഷേ ആരാധകരുടെ പിന്തുണ കാര്യങ്ങളെ എളുപ്പമാക്കി തന്നു ” ഇതാണ് ഹെൻറിക്കെ പറഞ്ഞിട്ടുള്ളത്.
കിട്ടിയ അവസരം കൃത്യമായി മുതലെടുക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബ്രസീലിയൻ ലീഗിൽ ബോട്ടോഫോഗോക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഹെൻറിക്കെ.അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ബ്രസീൽ ടീമിൽ ഇടം ലഭിച്ചത്. ഇനി അദ്ദേഹം ലഭിച്ച സ്ഥാനം സ്ഥിരപ്പെടുത്തിയേക്കും.