ഇതൊരു തയ്യാറെടുപ്പ് ഘട്ടം, ആശങ്കപ്പെടേണ്ടതില്ല:ഡൊറിവാൽ ജൂനിയർ

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.അമേരിക്കയാണ് ബ്രസീലിനെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.റോഡ്രിഗോ ബ്രസീലിന് വേണ്ടി ഗോൾ നേടിയപ്പോൾ പുലിസിച്ചാണ് ഫ്രീകിക്കിലൂടെ അമേരിക്കയ്ക്ക് വേണ്ടി സമനില ഗോൾ നേടിയിട്ടുള്ളത്.കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ 5 ഗോളുകൾക്ക് കൊളംബിയയോട് പരാജയപ്പെട്ട അമേരിക്കയാണ് ബ്രസീലിന് ഇപ്പോൾ സമനിലയിൽ തളച്ചിട്ടുള്ളത്.

പുതിയ പരിശീലകൻ ഡൊറിവാൽ ജൂനിയർക്ക് കീഴിൽ ആകെ നാല് മത്സരങ്ങളാണ് ബ്രസീൽ ഇപ്പോൾ കളിച്ചിട്ടുള്ളത്. രണ്ട് വിജയത്തോടൊപ്പം രണ്ട് സമനിലയും വഴങ്ങേണ്ടിവന്നു.8 ഗോളുകൾ നേടിയപ്പോൾ 6 ഗോളുകൾ വഴങ്ങി. അവസാനത്തെ രണ്ട് മത്സരങ്ങളും പോസിറ്റീവോടുകൂടിയാണ് ഈ പരിശീലകൻ പരിഗണിക്കുന്നത്. ഇതൊരു തയ്യാറെടുപ്പ് ഘട്ടം മാത്രമാണെന്നും എല്ലാവർക്കും പരസ്പരം അറിയുക എന്നതായിരുന്നു ലക്ഷ്യമെന്നും ഡൊറിവാൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ ഇതുവഴി സാധിച്ചിട്ടുണ്ട്. മാത്രമല്ല ഞങ്ങൾ ഒരു തയ്യാറെടുപ്പ് ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്.പരമാവധി എല്ലാ താരങ്ങൾക്കും അവസരം നൽകുക എന്നുള്ളതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.അതിന് സാധിച്ചിട്ടുമുണ്ട്. ഗ്രൂപ്പിനകത്ത് പരസ്പരം താരങ്ങൾ അടുത്തറിയുക എന്നത് പ്രധാനപ്പെട്ടതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ രണ്ടു മത്സരങ്ങളും മികച്ചതായിരുന്നു.ട്രെയിനിങ്ങിൽ ഉണ്ടായിരുന്ന എല്ലാവർക്കും അവസരം നൽകാൻ ഞങ്ങൾക്ക് സാധിച്ചു.തീർച്ചയായും വിജയം തന്നെയായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.ഈ മത്സരത്തിൽ വിജയം ലഭിക്കാത്തതിൽ ഞങ്ങൾക്ക് നിരാശയുണ്ട്. പക്ഷേ ഇത് ആസ്വദിക്കാൻ പറ്റിയ ഒരു മത്സരമായിരുന്നു ” ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള പല താരങ്ങളും മോശം പ്രകടനമായിരുന്നു ഇന്ന് നടത്തിയിരുന്നത്.മികച്ച ഗോളവസരങ്ങൾ അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു.അതേസമയം പകരക്കാരായി വന്ന പല താരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇനി കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *