ഇതൊന്നും ആർക്കും സാധിക്കാത്തത് :ഫുട്ബോൾ ലോകം തങ്ങളുടെ കൈകളിലെന്ന് സ്പാനിഷ് പരിശീലകൻ!
സ്പാനിഷ് ഫുട്ബോൾ അതിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ വർഷം നിരവധി നേട്ടങ്ങൾ അവർ കരസ്ഥമാക്കി. ഇത്തവണത്തെ യൂറോ കപ്പ് ജേതാക്കൾ സ്പെയിനാണ്. അതിന് പുറമേയാണ് ഒളിമ്പിക് ഗോൾഡ് മെഡൽ അവർ സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല ഈ വർഷം നടന്ന അണ്ടർ 19 യൂറോ കിരീടം നേടിയതും സ്പെയിൻ തന്നെയാണ്. ഈ വർഷത്തെ അണ്ടർ 19 വിമൻസ് യൂറോ കിരീടം സ്വന്തമാക്കിയതും സ്പെയിൻ തന്നെയാണ്. കഴിഞ്ഞ വർഷം നടന്ന അണ്ടർ 23 യൂറോ കപ്പിൽ ഫൈനലിൽ എത്താൻ സ്പെയിനിന് കഴിഞ്ഞിരുന്നു.
ഇതിനൊക്കെ പുറമേ നിലവിലെ യുവേഫ നേഷൻസ് ലീഗ് ജേതാക്കൾ സ്പെയിനാണ്. കൂടാതെ വുമൺസ് വേൾഡ് കപ്പ് ജേതാക്കളും സ്പെയിൻ തന്നെയാണ്.അങ്ങനെ ഫുട്ബോൾ ലോകം അക്ഷരാർത്ഥത്തിൽ സ്പെയിൻ അടക്കി ഭരിക്കുകയാണ്. സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആർക്കും സാധിക്കാത്ത നേട്ടങ്ങളാണ് ഇപ്പോൾ സ്പെയിൻ സ്വന്തമാക്കി കൊണ്ടിരിക്കുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നമ്മൾ ഈ വർഷം സ്വന്തമാക്കിയത് അസാധാരണമായ നേട്ടങ്ങളാണ്.എന്നാൽ ഇവിടെയുള്ള പലരും ഇതിന് വേണ്ടത്ര മൂല്യം കൽപ്പിക്കുന്നില്ല. ഫുട്ബോൾ ലോകത്തെ മറ്റു ടീമുകൾക്കൊന്നും നേടാൻ സാധിക്കാത്ത, തികച്ചും അസാധ്യമായ കാര്യങ്ങളാണ് നമ്മളിപ്പോൾ ചെയ്തു കഴിഞ്ഞിട്ടുള്ളത്. ഫുട്ബോൾ ലോകത്ത് എല്ലാ കാറ്റഗറികളിലും നമ്മളാണ് ആധിപത്യം പുലർത്തുന്നത്. ഇതിന് പ്രാധാന്യം നൽകേണ്ടതുണ്ട്.ഇന്ന് നമ്മൾ സ്വന്തമാക്കിയത് ചരിത്രപരമായ നേട്ടമാണ്. സ്പെയിനിന്റെ കായിക ചരിത്രത്തിലെ തന്നെ സുവർണ്ണ നാളുകളിലൂടെയാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത് ” ഇതാണ് സ്പെയിൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ തവണത്തെ ഒളിമ്പിക് ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു സ്പെയിനിന് ഗോൾഡ് നഷ്ടമായത്. എന്നാൽ ഇത്തവണ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് സ്പെയിൻ ഗോൾഡ് നേടുകയായിരുന്നു. സ്പെയിനിന്റെ സീനിയർ ടീം ആണെങ്കിലും അണ്ടർ എയ്ജ് ടീമുകൾ ആണെങ്കിലും വനിത ടീമുകൾ ആണെങ്കിലും, എല്ലാവരും മിന്നുന്ന ഫോമിൽ കളിക്കുന്നു എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത.