ഇതെന്റെ സ്വപ്നസാക്ഷാത്കാരം: ബ്രസീലിന്റെ പുതിയ പരിശീലകൻ പറയുന്നു!
ബ്രസീൽ തങ്ങളുടെ പരിശീലകനായ ഫെർണാണ്ടോ ഡിനിസിനെ തൽസ്ഥാനത്തുനിന്നും പുറത്താക്കിയത് ദിവസങ്ങൾക്ക് മുൻപായിരുന്നു.അദ്ദേഹത്തിന് കീഴിൽ മോശം പ്രകടനമായിരുന്നു ബ്രസീൽ ദേശീയ ടീം നടത്തിയിരുന്നത്.പുതിയ പരിശീലകനെ ബ്രസീൽ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.സാവോപോളോയുടെ പരിശീലകനായ ഡൊറിവാൽ ജൂനിയറാണ് ഇനി ബ്രസീലിനെ പരിശീലിപ്പിക്കുക. ഇക്കാര്യം CBF ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഡൊറിവാൽ തങ്ങളുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു എന്നുള്ളത് സാവോ പോളോ ഒഫീഷ്യലായി കൊണ്ട് തന്നെ അറിയിച്ചിട്ടുണ്ട്.2026 വരെയുള്ള ഒരു കോൺട്രാക്ടിലായിരിക്കും ഈ പുതിയ പരിശീലകൻ ഒപ്പുവെക്കുക. മോശം സമയത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ബ്രസീലിനെ തിരിച്ചുകൊണ്ടുവരിക എന്ന ഉത്തരവാദിത്തമാണ് ഡോറിവാൽ ജൂനിയറിനെ ഉള്ളത്. ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത് ഒരു സ്വപ്നസാക്ഷാത്കാരമാണ് എന്നുള്ള കാര്യം ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨Globo:
— Brasil Football 🇧🇷 (@BrasilEdition) January 7, 2024
Dorival Junior is the new manager of the Seleção! pic.twitter.com/5KLq5RZ91s
“എന്റെ ഒരു വ്യക്തിപരമായ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കാൻ പോകുന്നത്. ഞാൻ സാവോ പോളോ എന്ന ക്ലബ്ബിൽ ചെയ്ത കാര്യങ്ങൾക്കുള്ള ഒരു അംഗീകാരമാണ് ഇത്. അതുകൊണ്ടുതന്നെ ഈ ക്ലബ്ബിന്റെ ഭാഗമായ എല്ലാവരോടും ഞാൻ നന്ദി പറയുന്നു.ഇവിടുത്തെ ആരാധകരോടും ഞാൻ നന്ദി പറയുന്നു “ഇതാണ് ഡോറിവാൽ ജൂനിയർ പറഞ്ഞിട്ടുള്ളത്.
ഈ പരിശീലകന് സാവോ പോളോ എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്. വരുന്ന മാർച്ച് മാസത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ ബ്രസീൽ കളിക്കുന്നുണ്ട്.യൂറോപ്പ്യൻ വമ്പൻമാരായ ഇംഗ്ലണ്ട്,സ്പെയിൻ എന്നിവരാണ് എതിരാളികൾ. ഈ കരുത്തുറ്റ പരീക്ഷണമാണ് ബ്രസീലിന്റെ പരിശീലക വേഷത്തിൽ ആദ്യമായി കൊണ്ട് ഈ പരിശീലകനെ കാത്തിരിക്കുന്നത്.