ഇതെന്തോന്ന്.. ക്രിസ്റ്റ്യാനോക്കുള്ള ചാരിറ്റി ഗെയിമോ? മാർട്ടിനസിനെ പരിഹസിച്ച് ലാലാസ്!

ഇത്തവണത്തെ യുവേഫ യൂറോ കപ്പിൽ വമ്പൻമാരായ പോർച്ചുഗലിന് നിരാശരായി മടങ്ങേണ്ടി വന്നിരുന്നു.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവർ ഫ്രാൻസിനോട് പരാജയപ്പെടുകയായിരുന്നു.അതിനേക്കാൾ നിരാശപ്പെടുത്തിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.5 മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മാത്രമല്ല 39 കാരനായ താരത്തെ പരിശീലകൻ റോബർട്ടോ മാർട്ടിനസ് സ്ഥിരമായി കളിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ വലിയ വിമർശനങ്ങളും പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ അമേരിക്കൻ താരമായ അലക്സി ലാലാസ്. റോബർട്ടോ മാർട്ടിനസ് യൂറോ കപ്പിനെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കുള്ള ഒരു ചാരിറ്റി ഗെയിമാക്കി മാറ്റി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലാലാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ആരെയും കുറ്റപ്പെടുത്താൻ നിൽക്കേണ്ട.അവർ അവരെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. ടൂർണമെന്റിൽ ഉടനീളം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റോബർട്ടോ മാർട്ടിനസ് അവസരം നൽകി. അദ്ദേഹം എങ്ങനെയെങ്കിലും ഗോളടിക്കാൻ വേണ്ടിയാണ് ഗ്രൂപ്പ് സ്റ്റേജിലെ മൂന്നാമത്തെ മത്സരം പോലും അദ്ദേഹത്തെ കളിപ്പിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനത്ത് മറ്റേതെങ്കിലും താരമായിരുന്നുവെങ്കിൽ,എപ്പോഴേ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമായേനെ.

സ്ട്രൈക്കർമാരുടെ ഉപയോഗം എന്നുള്ളത് ഗോളടിക്കുക എന്നുള്ളതാണ്. അതിന് സാധിച്ചിട്ടില്ലെങ്കിൽ ചുരുങ്ങിയത് അപകടം സൃഷ്ടിക്കുക എങ്കിലും വേണം. ഇത് രണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.മാർട്ടിനസ് യൂറോ കപ്പിനെ ക്രിസ്റ്റ്യാനോക്കുള്ള ഒരു ചാരിറ്റി ഗെയിമാക്കി മാറ്റുകയാണ് ചെയ്തിട്ടുള്ളത്. ഒരു മാറ്റവും വരുത്താൻ അവർ തയ്യാറായില്ല. ചുരുക്കത്തിൽ ഇത് പോർച്ചുഗലിനെ തിരിച്ചടിയാവുകയാണ് ചെയ്തത് ” ഇതാണ് ലാലാസ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.മാത്രമല്ല കഴിഞ്ഞ സീസണിൽ സൗദി അറേബ്യയിൽ 50 ഓളം ഗോളുകളും അദ്ദേഹം നേടിയിരുന്നു. അതുകൊണ്ടുതന്നെ താരം ഈ യൂറോ കപ്പിൽ തിളങ്ങും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്.പക്ഷേ റൊണാൾഡോ പൂർണമായും നിരാശപ്പെടുത്തുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *