ഇതെന്തൊരു കോച്ച്, പെനാൽറ്റിക്ക് മുന്നേ തല ചൊറിഞ്ഞ് എല്ലാം കണ്ടു നിന്ന ഡൊറിവാലിന് രൂക്ഷ വിമർശനം!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഉറുഗ്വയാണ് ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയത്. ഇതോടെ ബ്രസീൽ കോപ്പ അമേരിക്കയിൽ നിന്ന് പുറത്താവുകയും ഉറുഗ്വ സെമിഫൈനൽ പ്രവേശനം സാധ്യമാക്കുകയും ചെയ്തു.എഡർ മിലിറ്റാവോ,ഡഗ്ലസ് ലൂയിസ് എന്നിവർ പെനാൽറ്റി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.
എന്നാൽ ഈ പെനാൽറ്റി ഷൂട്ടൗട്ട് മുന്നേ ബ്രസീലിയൻ ടീമിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ വലിയ വിമർശനങ്ങളാണ് ഇപ്പോൾ നേടിക്കൊടുക്കുന്നത്. അതായത് ആരൊക്കെ പെനാൽറ്റി എടുക്കണം? എന്തൊക്കെയാണ് പ്ലാനുകൾ എന്നതിനെക്കുറിച്ച് ബ്രസീൽ താരങ്ങളോട് സംസാരിച്ചത് അവരുടെ പരിശീലകനായ ഡൊറിവാൽ ജൂനിയർ ആയിരുന്നില്ല. മാത്രമല്ല ടീം സർക്കിളിന്റെ മുൻനിരയിൽ പോലും അദ്ദേഹം ഉണ്ടായിരുന്നില്ല. ഏറ്റവും പുറകിൽ എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങൾക്ക് പുറകിലായി നിൽക്കുന്ന ബ്രസീൽ പരിശീലകൻ ഒരുതവണ സംസാരിക്കാൻ വേണ്ടി കൈ ഉയർത്തിയെങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നു.
പിന്നീട് തല ചൊറിഞ്ഞുകൊണ്ട് അവിടെ നിൽക്കുന്ന പരിശീലകനെയാണ് കാണാൻ സാധിച്ചത്. അതായത് ആ നിർണായക സന്ദർഭത്തിൽ ഒരു റോളും ബ്രസീലിന്റെ മുഖ്യ പരിശീലകൻ ഉണ്ടായിരുന്നില്ല. അദ്ദേഹം വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. എന്നാൽ ഉറുഗ്വ ടീമിനകത്ത് അങ്ങനെയല്ലായിരുന്നു. അവരുടെ പരിശീലകനായ ബിയൽസയാണ് താരങ്ങളോട് സംസാരിച്ചതും എല്ലാ നിർദ്ദേശങ്ങൾ നൽകിയതും. ഇതേത്തുടർന്ന് വലിയ വിമർശനങ്ങളാണ് ഡൊറിവാൽ ജൂനിയർക്ക് ഇപ്പോൾ ഏൽക്കേണ്ടി വരുന്നത്.
ആകെ 8 മത്സരങ്ങളിലാണ് ഈ പരിശീലകൻ ബ്രസീലിനെ പരിശീലിപ്പിച്ചിട്ടുള്ളത്. അതിൽ മൂന്നു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ ബ്രസീലിന് സാധിച്ചിട്ടുള്ളത്.നാല് സമനിലകൾ വഴങ്ങി.ഒരു തോൽവിയും ബ്രസീലിന് ഇപ്പോൾ വഴങ്ങേണ്ടി വന്നു. 13 ഗോളുകൾ നേടിയപ്പോൾ 8 ഗോളുകൾ വഴങ്ങേണ്ടിവന്നു.ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തിന്റെ കണക്കുകൾ വരുന്നത്.വലിയ പുരോഗതി ഒന്നും ബ്രസീലിനെ കൈവന്നിട്ടില്ല എന്നത് വ്യക്തമാണ്.ഏതായാലും കോപ്പ അമേരിക്കയിൽ നിന്നും നേരത്തെ പുറത്തായത് ബ്രസീലിന് വലിയ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.