ഇതിഹാസത്തെ മറികടന്നു,അതിവേഗം മുന്നോട്ടു കുതിച്ച് എംബപ്പേ!

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ഫ്രാൻസിനെ സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കരുത്തരായ നെതർലാന്റ്സിനെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ തന്നെയാണ് ഈ മത്സരത്തിൽ തിളങ്ങിയത്.ഈ വിജയത്തോടുകൂടി അടുത്ത വർഷത്തെ യൂറോകപ്പിന് യോഗ്യത ഉറപ്പിക്കാനും ഫ്രാൻസിന് കഴിഞ്ഞു.

മത്സരത്തിൽ രണ്ടു ഗോളുകളാണ് എംബപ്പേ നേടിയത്.തകർപ്പൻ ഗോളുകളാണ് അദ്ദേഹത്തിൽ നിന്നും പിറന്നിട്ടുള്ളത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ പിഎസ്ജിക്ക് വേണ്ടി ഗോൾ നേടാൻ കഴിയാത്തതിനാൽ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് എംബപ്പേ.എന്നാൽ ആ വിമർശനങ്ങൾക്കെല്ലാം ഒരൊറ്റ മത്സരം കൊണ്ട് താരം ഇപ്പോൾ മറുപടി പറഞ്ഞു കഴിഞ്ഞു.

മാത്രമല്ല മറ്റൊരു റെക്കോർഡ് കൂടി ഇപ്പോൾ എംബപ്പേ കരസ്ഥമാക്കിയിട്ടുണ്ട്.ഫ്രാൻസ് ദേശീയ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരം ഇപ്പോൾ എംബപ്പേയാണ്. ഫ്രഞ്ച് ഇതിഹാസമായ മിഷേൽ പ്ലാറ്റിനിയെ മറികടന്നു കൊണ്ടാണ് എംബപ്പേ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 41 ഗോളുകളായിരുന്നു പ്ലാറ്റിനി നേടിയിരുന്നത്. കേവലം 24 വയസ്സ് മാത്രമുള്ള എംബപ്പേ ഇതിനോടകം തന്നെ ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി 42 ഗോളുകൾ നേടിക്കഴിഞ്ഞു.

ഒന്നാം സ്ഥാനത്ത് ഇപ്പോൾ ഉള്ളത് സൂപ്പർതാരമായ ഒലിവർ ജിറൂദാണ്.അദ്ദേഹം ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി ആകെ 54 ഗോളുകളാണ് നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് അവരുടെ ഇതിഹാസമായ തിയറി ഹെൻറി വരുന്നു. 51 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 44 ഗോളുകൾ നേടിയിട്ടുള്ള അന്റോയിൻ ഗ്രീസ്മാൻ മൂന്നാം സ്ഥാനത്താണ് വരുന്നത്. തൊട്ടു പിറകിൽ എംബപ്പേ ഒരു വരുന്നു.ഈ താരങ്ങളെയെല്ലാം എംബപ്പേ മറികടക്കും എന്ന കാര്യത്തിൽ സംശയമില്ല.കാരണം അദ്ദേഹത്തിന്റെ മുന്നിൽ ഒരു നീണ്ട കരിയർ തന്നെ ഇപ്പോൾ അവശേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *