ഇതിഹാസങ്ങളെ മറികടന്നു, മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി നെയ്മർ!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീൽ പെറുവിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയിരുന്നു.മത്സരത്തിന്റെ 15-ആം മിനിറ്റിൽ എവെർട്ടണിന്റെ ഗോളിന് വഴിയൊരുക്കിയ നെയ്മർ 40-ആം മിനുട്ടിൽ ഗോൾ നേടുകയും ചെയ്തു.
Neymar marca, passa Romário e Zico e se torna maior artilheiro da Seleção nas Eliminatóriashttps://t.co/1IBnWhuEmJ
— ge (@geglobo) September 10, 2021
ഈ ഗോൾ നേട്ടത്തോട് കൂടി ഒരു റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ നെയ്മർക്ക് സാധിച്ചിരുന്നു. അതായത് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് നെയ്മർ സ്വന്തമാക്കിയത്. ബ്രസീലിന്റെ ഇതിഹാസതാരങ്ങളായ സീക്കോ,റൊമാരിയോ എന്നിവരെയാണ് നെയ്മർ ജൂനിയർ മറികടന്നത്.12 ഗോളുകളാണ് നെയ്മർ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ആകെ നേടിയിട്ടുള്ളത്.സീക്കോ, റൊമാരിയോ എന്നിവർ 11 ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്.2018-ലെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ 8 ഗോളുകൾ നേടിയ നെയ്മർ ഇത്തവണത്തെ 2022 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ 4 ഗോളുകൾ കൂടി നേടുകയായിരുന്നു.
ഇതോടെ ബ്രസീലിന് വേണ്ടി 113 മത്സരങ്ങളിൽ നിന്ന് 69 ഗോളുകളും 50 അസിസ്റ്റുകളും പൂർത്തിയാക്കാൻ നെയ്മർക്ക് സാധിച്ചു.9 ഗോളുകൾ കൂടി നേടിയാൽ ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററായ സാക്ഷാൽ പെലെയെ മറികടക്കാൻ നെയ്മർക്ക് സാധിച്ചേക്കും.