ഇക്വഡോറിനെതിരെയുള്ള മത്സരം എങ്ങനെയാവും? പ്രെഡിക്റ്റ് ചെയ്ത് ബ്രസീൽ പരിശീലകൻ!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇക്വഡോറാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30നാണ് ഈ മത്സരം നടക്കുക.ബ്രസീലിൽ വെച്ചുകൊണ്ട് തന്നെയാണ് മത്സരം അരങ്ങേറുക.നെയ്മർ ജൂനിയർ,കാസമിറോ,റാഫീഞ്ഞ തുടങ്ങിയവർ ഒന്നുംതന്നെ ഇല്ലാതെയാണ് ബ്രസീൽ ഈ മത്സരത്തിന് വരുന്നത്.
കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീൽ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.നാലു മത്സരങ്ങൾ കളിച്ചപ്പോൾ കേവലം ഒന്നിൽ മാത്രമായിരുന്നു വിജയിച്ചിരുന്നത്.മാത്രമല്ല വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിലും മോശം പ്രകടനം തന്നെയാണ് ബ്രസീൽ നടത്തുന്നത്. അതുകൊണ്ടുതന്നെ അവർക്ക് വിജയം അനിവാര്യമാണ്. എന്നാൽ ഈ മത്സരം എങ്ങനെയായിരിക്കും എന്നുള്ളത് ബ്രസീൽ പരിശീലകനായ ഡൊറിവാൽ ജൂനിയർ പ്രവചിച്ചിട്ടുണ്ട്.ബ്രസീലിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പരിശീലകന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഇക്വഡോറിനെതിരെയുള്ള മത്സരം ഒരിക്കലും എളുപ്പമാവില്ല.വളരെ കഠിനമായ ഒരു മത്സരം തന്നെയായിരിക്കും. എളുപ്പത്തിലുള്ള ഒരു മത്സരം ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല.കോപ്പ അമേരിക്കയിൽ മികച്ച പ്രകടനം നടത്തിയവരാണ് ഇക്വഡോർ.അർജന്റീനക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം അവർ നടത്തിയിരുന്നു.അതുപോലെയുള്ള ഒരു മത്സരം തന്നെയാണ് ഇത്തവണയും ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ മുൻപ് കളിച്ചതിനേക്കാൾ മികച്ച രൂപത്തിൽ ഈ മത്സരത്തിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു “ഇതാണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. ആറാം സ്ഥാനം വരെയുള്ളവർക്ക് മാത്രമാണ് വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നേടാൻ സാധിക്കുക. 6 മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് ബ്രസീൽ നേടിയിട്ടുള്ളത്. മൂന്ന് പരാജയങ്ങൾ രുചിക്കേണ്ടി വന്ന അവർക്ക് 7 പോയിന്റുകൾ മാത്രമാണ് ഉള്ളത്.