ഇംഗ്ലണ്ട് പേടിക്കേണ്ടത് അക്കാര്യത്തെ: ആദ്യ മത്സരത്തിന് മുന്നേ മുന്നറിയിപ്പുമായി നെവിൽ!

യുവേഫ യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ഇംഗ്ലണ്ട് ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.എതിരാളികൾ സെർബിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ഐസ്ലാൻഡിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയവരാണ് ഇംഗ്ലണ്ട്.അതുകൊണ്ടുതന്നെ വിജയവും അതുവഴി തിരിച്ചുവരവുമാണ് ഇംഗ്ലണ്ട് ലക്ഷ്യം വെക്കുന്നത്.

നിരവധി സൂപ്പർ താരങ്ങളാൽ സമ്പന്നമാണ് ഇംഗ്ലണ്ടിന്റെ ടീം.പക്ഷേ അതിനോട് നീതിപുലർത്തുന്ന പ്രകടനം പലപ്പോഴും അവരിൽ നിന്നും ഉണ്ടാവാറില്ല. ആദ്യ മത്സരത്തിന് മുൻപേ ഇംഗ്ലീഷ് ടീമിന് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അവരുടെ ഇതിഹാസമായ ഗാരി നെവിൽ. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് ഡിഫൻസാണെന്നും അക്കാര്യം ശ്രദ്ധിക്കണമെന്നും നെവിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഈ ടൂർണമെന്റ് വിജയിക്കണമെങ്കിൽ തീർച്ചയായും ഡിഫൻസും മികച്ച പ്രകടനം ടൂർണമെന്റിൽ ഉടനീളം നടത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് ഡിഫൻസ് തന്നെയാണ്.എങ്ങനെയെങ്കിലും പരിശീലകൻ ഇതിനെയൊക്കെ കൈകാര്യം ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഉള്ള താരങ്ങളിൽ പലർക്കും എക്സ്പീരിയൻസ് ഇല്ല.എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യുന്നത് എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ ഉള്ളത് ” ഇതാണ് നെവിൽ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം ഹാരി മഗ്വയ്ർ ഇല്ല എന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടിയാണ്. പരിക്ക് കാരണമാണ് അദ്ദേഹത്തിന് ഈ ടൂർണമെന്റ് നഷ്ടമാകുന്നത്.ലെവിസ് ഡങ്ക്,ഗ്യൂഹി,എസ്രി കോൺസ തുടങ്ങിയ താരങ്ങൾ ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയിൽ ഉണ്ടെങ്കിലും അവർക്കൊക്കെ പരിചയസമ്പത്ത് കുറവാണ്. എന്നിരുന്നാലും ഇതിനെയെല്ലാം മറികടക്കാൻ ഇംഗ്ലണ്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!