ആ ടീം വേൾഡ് കപ്പിൽ നിന്നും പുറത്തായപ്പോൾ എനിക്ക് കരച്ചിൽ വന്നു : ഫിഫ പ്രസിഡന്റ്
ഈ വർഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാനാവാതെ പോയ വമ്പൻമാരാണ് ഇറ്റലി.പ്ലേ ഓഫ് മത്സരത്തിൽ നോർത്ത് മാസിഡോണിയയോട് ഇറ്റലി അട്ടിമറി തോൽവി ഏറ്റുവാങ്ങുകയായിരുന്നു.ഇതോട് കൂടിയാണ് തുടർച്ചയായി രണ്ടാം തവണയും ഇറ്റലിക്ക് വേൾഡ് കപ്പ് യോഗ്യത ലഭിക്കാതെ പോയത്.നിലവിലെ യുറോ ചാമ്പ്യൻമാരാണ് ഇറ്റലി എന്നതും ഇതിനോട് ചേർത്ത് വായിക്കാം.
ഏതായാലും ഇറ്റലി പുറത്തായതിനെ കുറിച്ചുള്ള ചില കാര്യങ്ങളിപ്പോൾ ഫിഫ പ്രസിഡന്റായ ജിയാന്നി ഇൻഫാന്റിനോ പങ്കുവെച്ചിട്ടുണ്ട്.അതായത് ഇറ്റലി പരാജയപ്പെട്ടപ്പോൾ തനിക്ക് കരച്ചിൽ വന്നു എന്നാണ് ഫിഫ പ്രസിഡന്റ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം റായ് സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇൻഫാന്റിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 1, 2022
” ഇറ്റലി പരാജയപ്പെട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു.ശരിക്കും കരയണമെന്നുണ്ടായിരുന്നു.എല്ലാ ഇറ്റാലിയൻസും വളരെയധികം ദുഃഖത്തിലാണ്. തുടർച്ചയായ രണ്ടാമത്തെ വേൾഡ് കപ്പിലാണ് അസൂറികൾക്ക് പങ്കെടുക്കാൻ കഴിയാതെ പോവുന്നത്. ഇനി അടുത്ത വേൾഡ് കപ്പിന് യോഗ്യത നേടിയാലും 12 വർഷത്തെ അഭാവമാണ് അവിടെ ഉണ്ടാവുക.എന്റെ കുട്ടിക്കാലത്ത് 1978-ലെയും 1982-ലെയും വേൾഡ് കപ്പുകൾ ഞാൻ കണ്ടിരുന്നു. അതൊരു വികാരമായിരുന്നു.ഫുട്ബോളുമായി ഇഷ്ടത്തിലാവാൻ ഇക്കാര്യങ്ങൾ സഹായിച്ചിരുന്നു. ഇറ്റാലിയൻ കുട്ടികളുടെ കാര്യത്തിൽ എനിക്ക് ദുഃഖമുണ്ട്. പക്ഷേ സാഹചര്യം ഇങ്ങനെയാണ്. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന വേൾഡ് കപ്പിന് 32 ടീമുകൾക്കേ യോഗ്യത നേടാൻ കഴിയുകയുള്ളൂ ” ഇതാണ് ഇൻഫാന്റിനോ പറഞ്ഞിട്ടുള്ളത്.
ഇതുവരെ 29 ടീമുകളാണ് വേൾഡ് കപ്പിന് യോഗ്യത നേടിയത്.ഇനി പ്ലേ ഓഫ് മത്സരങ്ങളിലൂടെ 3 ടീമുകൾക്ക് അവസരം അവശേഷിക്കുന്നുണ്ട്. ജൂൺ മാസത്തിലാണ് ബാക്കിയുള്ള മത്സരങ്ങൾ നടക്കുക.