ആർക്കെങ്കിലും അദ്ദേഹവുമായി മത്സരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല : ബെൻസിമയെ കുറിച്ച് ജിറൂദ്!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ പുരസ്ക്കാരം ആർക്കാണ് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. നാളെയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺ ഡിയോർ പുരസ്കാര ദാന ചടങ്ങ് സംഘടിപ്പിക്കുക.റയലിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരീം ബെൻസിമക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഡയറക്ടറായ പാസ്ക്കൽ ഫെറെ ഇതുമായി ബന്ധപ്പെട്ട ചില സൂചനകൾ നൽകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബെൻസിമയുടെ ഫ്രഞ്ച് സഹതാരമായ ഒലിവർ ജിറൂദും ഇതുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ വർഷത്തെ ബാലൺ ഡിയോർ ബെൻസിമ തന്നെയാണ് അർഹിക്കുന്നത് എന്നാണ് ജിറൂദ് പറഞ്ഞിട്ടുള്ളത്. ആർക്കെങ്കിലും അദ്ദേഹവുമായി ഇതിനുവേണ്ടി മത്സരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ജിറൂഡ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Rmc സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബെൻസിമ തന്നെയാണ് ഇത്തവണത്തെ ബാലൺ ഡി’ഓർ അർഹിക്കുന്നത്. കാരണം ഈ വർഷം അദ്ദേഹം ക്ലബ്ബിനോടൊപ്പം നേടിയ നേട്ടങ്ങൾ അതുല്യമാണ്. അദ്ദേഹവുമായി ഇത്തവണ മത്സരിക്കാൻ ആർക്കെങ്കിലും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഈ വർഷം ബെൻസിമ തന്നെയാണ് ബാലൺ ഡി’ഓർ അർഹിക്കുന്നത് എന്ന് പറയുന്ന ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട് ” ഒലിവർ ജിറൂദ് പറഞ്ഞു.

കഴിഞ്ഞ റഷ്യൻ വേൾഡ് കപ്പിൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ ജിറൂദ് ടീമിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ജിറൂദ് ആദ്യ ഇലവനിൽ ഉണ്ടാവാൻ സാധ്യത കുറവാണ്. എന്തെന്നാൽ കരിം ബെൻസിമ ഫ്രാൻസിന്റെ ദേശീയ ടീമിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *