ആരാധകരുടെ കൂവൽ, മൈൻഡ് ചെയ്യാതെ കളംവിട്ട് ഡി ബ്രൂയിനയും സഹതാരങ്ങളും!

ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ബെൽജിയത്തിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഉക്രൈനായിരുന്നു അവരെ ഗോൾരഹിത സമനിലയിൽ തളച്ചത്. എന്നിരുന്നാലും അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.4 പോയിന്റുകളാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബെൽജിയം രണ്ടാം മത്സരത്തിൽ വിജയം നേടിക്കൊണ്ട് തിരിച്ചുവരികയായിരുന്നു.

ഇന്നലത്തെ മത്സരത്തിനിടെ ബെൽജിയം ആരാധകർ തന്നെ തങ്ങളുടെ സ്വന്തം ടീമിനെ കൂവി വിളിച്ചിട്ടുണ്ട്. ഇത് ബെൽജിയം ക്യാപ്റ്റനായ ഡി ബ്രൂയിനയെ ദേഷ്യം പിടിക്കുകയായിരുന്നു.തുടർന്ന് മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാൻ ഇദ്ദേഹം റെഡിയായില്ല. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ബെൽജിയം താരങ്ങൾ ആരാധകരെ മൈൻഡ് ചെയ്യാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഡി ബ്രൂയിന തന്നെ സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ മത്സരം വിജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ ശ്രമിച്ചത്.ഗോൾ നേടാനുള്ള അവസരങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷേ മത്സരത്തിൽ ഞങ്ങൾ റിസ്ക്കുകൾ ഒന്നും എടുത്തില്ല. കാരണം അഥവാ ഗോൾ വഴങ്ങിയാൽ തോൽക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കിൽ പുറത്താവേണ്ടി വരും. ഞങ്ങൾക്ക് ഗോളുകൾ നേടാനായില്ല എന്നത് നാണക്കേട് തന്നെയാണ്.പക്ഷേ ഞങ്ങൾ യോഗ്യത കരസ്ഥമാക്കി കഴിഞ്ഞു. ആരാധകരോട് എനിക്ക് ഇപ്പോൾ ഒന്നു മാത്രമാണ് പറയാനുള്ളത്, ഞങ്ങളോടൊപ്പം നിലകൊള്ളുക. ഫ്രാൻസിനെതിരെയുള്ള മത്സരത്തിൽ ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.

പ്രീ ക്വാർട്ടറിൽ ബെൽജിയവും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ജൂലൈ ഒന്നാം തീയതി ഇന്ത്യൻ സമയം രാത്രി 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക. മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തണമെങ്കിൽ ബെൽജിയം തീർച്ചയായും നന്നായി കഷ്ടപ്പെടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *