ആരാണ് ഡിഫൻസിലുള്ളത്? സെർബിയൻ കോച്ചിന്റെ ഈ പരിഹാസത്തിന് മറുപടിയുമായി സിൽവ!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ സെർബിയയെ പരാജയപ്പെടുത്താൻ ബ്രസീലിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീൽ വിജയം നേടിയത്. സൂപ്പർ താരം റിച്ചാർലീസണാണ് ഈ രണ്ട് ഗോളുകളുടെയും ഉടമസ്ഥൻ. മികച്ച പ്രകടനമാണ് മത്സരത്തിൽ ബ്രസീൽ പുറത്തെടുത്തത്.
ഈ മത്സരത്തിനു മുന്നേ സെർബിയൻ പരിശീലകനായ ഡ്രാഗൻ സ്റ്റോകോവിച്ച് ബ്രസീലിനെതിരെ ഒരു പരിഹാസം നടത്തിയിരുന്നു.അതായത് നാല് മുന്നേറ്റ നിര താരങ്ങളെ വെച്ചുകൊണ്ട് ബ്രസീൽ കളിക്കുമ്പോൾ ആരെങ്കിലും ഡിഫൻസിൽ ഉണ്ടാവുമോ എന്നാണ് സെർബിയൻ കോച്ച് പറഞ്ഞിട്ടുള്ളത്.ഇതിനിപ്പോൾ ബ്രസീലിന്റെ നായകനായ തിയാഗോ സിൽവ മറുപടി നൽകിയിട്ടുണ്ട്.സിൽവയുടെ വാക്കുകൾ ഇങ്ങനെയാണ്.
An iconic Richarlison performance gives Brazil their first win 🇧🇷 pic.twitter.com/uGf6mP0VEP
— B/R Football (@brfootball) November 24, 2022
” സെർബിയൻ പരിശീലകൻ ഒട്ടും ബഹുമാനമില്ലാതെയാണ് ഞങ്ങളെക്കുറിച്ച് സംസാരിച്ചത്.ഞങ്ങളെ ഭയപ്പെടണം എന്നുള്ളത് ഞങ്ങൾ ആരോടും ആവശ്യപ്പെടുന്നില്ല.പക്ഷേ കുറച്ചെങ്കിലും ബഹുമാനം കാണിക്കണം. നിങ്ങൾ ഞങ്ങളുടെ ടീമിനെ വിലയിരുത്തുകയാണെങ്കിൽ ഞങ്ങൾ വളരെ കുറച്ച് ഗോളുകൾ മാത്രം വഴങ്ങുന്ന ടീമാണ് എന്നുള്ളത് നിങ്ങൾക്ക് മനസ്സിലാവും. അതിപ്പോ മുന്നേറ്റ നിരയിൽ മൂന്നു താരങ്ങളോ നാല് താരങ്ങളോ കളിച്ചാലും അങ്ങനെ തന്നെയാണ് ” ഇതാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്.
ഏതായാലും രണ്ടാം പകുതിയിലാണ് ബ്രസീലിന്റെ യഥാർത്ഥ രൂപം സെർബിയക്ക് കാണേണ്ടി വന്നത്. നിരവധി അവസരങ്ങളാണ് ബ്രസീൽ ഉണ്ടാക്കിയെടുത്തിരുന്നത്.നിർഭാഗ്യം കൊണ്ട് മാത്രമാണ് ബ്രസീലിനെ കൂടുതൽ ഗോളുകൾ നേടാൻ സാധിക്കാതെ പോയത്.