ആഫ്ക്കോണിൽ എന്താണ് സംഭവിക്കുന്നത്? മൊറൊക്കോയും പുറത്ത്,ടോപ് ഫൈവിലെ ഒരു ടീം പോലും ക്വാർട്ടറിൽ എത്തിയില്ല.

ഇന്നലെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ മറ്റൊരു അട്ടിമറി കൂടി സംഭവിച്ചിരിക്കുന്നു. വമ്പൻമാരായ മൊറൊക്കോ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിക്കൊണ്ട് പുറത്തായിരിക്കുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മൊറൊക്കോയെ സൗത്ത് ആഫ്രിക്ക പരാജയപ്പെടുത്തിയത്. ഇതോടുകൂടി ക്വാർട്ടർ ഫൈനൽ പ്രവേശനം പോലും നേടാനാവാതെയാണ് മൊറൊക്കോ ആഫ്ക്കോണിൽ നിന്നും മടങ്ങുന്നത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. 57ആം മിനിട്ടിൽ സൗത്ത് ആഫ്രിക്ക ലീഡ് എടുക്കുകയായിരുന്നു.പിന്നീട് 85ആം മിനിട്ടിൽ മൊറോക്കോക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം അഷ്‌റഫ് ഹക്കീമി പാഴക്കുകയായിരുന്നു. അധികം വൈകാതെ മറ്റൊരു സൂപ്പർതാരമായ സോഫിയാൻ അമ്രബാത്ത് റെഡ് കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു. തൊട്ടടുത്ത മിനുട്ടിൽ സൗത്ത് ആഫ്രിക്ക തങ്ങളുടെ ലീഡ് ഉയർത്തിയതോടെ മൊറോക്കോയുടെ പതനം പൂർണമാവുകയായിരുന്നു.

ഇതോടെ കിരീട ഫേവറേറ്റുകളായി വിലയിരുത്തപ്പെട്ടിരുന്ന മിക്ക ടീമുകളും പുറത്തായി എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ഞെട്ടിക്കുന്ന അട്ടിമറികളാണ് ഇത്തവണത്തെ ആഫ്ക്കോണിൽ നടന്നിട്ടുള്ളത്. ആഫ്രിക്കയിലെ ടോപ് ഫൈവ് റാങ്കിങ്ങിൽ ഉള്ള അഞ്ച് ടീമുകളും ഇപ്പോൾ ക്വാർട്ടർ ഫൈനൽ പോലും കാണാതെ പുറത്തായിട്ടുണ്ട്. മൊറോക്കോക്ക് പുറമേ അൾജീരിയ,സെനഗൽ, ടുണീഷ്യ, ഈജിപ്ത് എന്നിവരാണ് പുറത്തായിട്ടുള്ളത്. ഇതോടുകൂടി പല സൂപ്പർതാരങ്ങളുടെയും ആഫ്ക്കോൺ മോഹങ്ങൾ അവസാനിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലത്തെ മത്സരങ്ങളോടുകൂടി ക്വാർട്ടർ ഫൈനൽ ലൈനപ്പ് പൂർത്തിയായിട്ടുണ്ട്. വമ്പൻമാരായ നൈജീരിയയുടെ എതിരാളികൾ അങ്കോളയാണ്.കേപ് വെർദേയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് ഏറ്റുമുട്ടുക. മാലിയുടെ എതിരാളികൾ ഐവറി കോസ്റ്റ് ആണ്. അതുപോലെതന്നെ കോംഗോയും ഗിനിയയും തമ്മിലാണ് ഏറ്റുമുട്ടുക. തികച്ചും അപ്രവചനീയമായ രൂപത്തിലാണ് ഇപ്പോൾ ആഫ്രിക്കൻ നേഷൻസ് കപ്പ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *