ആദ്യമായി 5 നക്ഷത്രങ്ങൾ നെഞ്ചിലണിഞ്ഞവരാണ് ഞങ്ങൾ:ഹീറോയായ ശേഷം ഹെൻറിക്ക് പറയുന്നു!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബ്രസീലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചിലിയെ അവർ പരാജയപ്പെടുത്തിയത്.ചിലിയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചിലി ലീഡ് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇഗോർ ജീസസ് നേടിയ ഗോൾ ബ്രസീലിന് സമനില നേടിക്കൊടുത്തു. പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ ലൂയിസ് ഹെൻറിക്കെ നേടിയ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്.
പകരക്കാരനായി ഇറങ്ങിയ ഹെൻറിക്കെ ഒരു കിടിലൻ ഗോൾ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും വിജയം സ്വന്തമാക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രസീൽ ടീമിന് വേണ്ടി ജീവൻ വരെ നൽകാൻ തയ്യാറാണെന്നും ആദ്യമായി 5 നക്ഷത്രങ്ങൾ നെഞ്ചിലണിഞ്ഞവരാണ് ബ്രസീൽ ടീം എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഹെൻറിക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ബ്രസീൽ ടീമിന് വേണ്ടി ജീവൻ വരെ നൽകാൻ ഞങ്ങൾ തയ്യാറാണ്.ഈ ജേഴ്‌സി മഹത്തായ ഒന്നിനെയാണ് പ്രതിനിധീകരിക്കുന്നത്. നിലവിൽ സംഭവിക്കുന്നത് കുറച്ചു മോശം കാര്യങ്ങളാണ്. പക്ഷേ അതിൽ നിന്നൊക്കെ മാറ്റം അനിവാര്യമാണ്. അതിന് ഞങ്ങൾ തുടക്കം കുറിച്ചു കഴിഞ്ഞു.ഈ ദേശീയ ടീമിന്റെ ജേഴ്സിക്ക് വേണ്ടി സർവ്വതും സമർപ്പിച്ച് ഫൈറ്റ് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ആദ്യമായി 5 നക്ഷത്രങ്ങൾ നെഞ്ചിൽ അണിഞ്ഞവരാണ് നമ്മൾ. ഈ ജഴ്സിയെ എന്ത് വിലകൊടുത്തും ഞങ്ങൾ ഡിഫൻഡ് ചെയ്യും. ഞങ്ങൾ കടന്നു പോകുന്ന സാഹചര്യം ഞങ്ങൾക്കറിയാം.ആരാധകർ ഞങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്.ഈ ജഴ്സി അണിയാൻ സാധിക്കുന്നതിലും വിജയഗോൾ നേടാൻ കഴിഞ്ഞതിലും ഞാൻ വളരെയധികം സന്തോഷവാനാണ്. ഇനി മറ്റൊരു ബുദ്ധിമുട്ടേറിയ മത്സരമാണ് ഞങ്ങളെ കാത്തിരിക്കുന്നത്. വിജയിക്കാൻ വേണ്ടി ഞങ്ങൾ പോരാട്ടേണ്ടതുണ്ട് ” ഇതാണ് ഹെൻറിക്കെ പറഞ്ഞിട്ടുള്ളത്.
ബ്രസീലിയൻ ക്ലബ്ബായ ബോട്ടോഫോഗോക്ക് വേണ്ടി കളിക്കുന്ന താരമാണ് ഹെൻറിക്ക്.സാവിഞ്ഞോയുടെ പകരക്കാരനായി കൊണ്ടായിരുന്നു അദ്ദേഹം കളിക്കളത്തിലേക്ക് വന്നിരുന്നത്.ഏതായാലും വിജയം നേടാൻ കഴിഞ്ഞത് ബ്രസീലിന് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. പോയിന്റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്.