ആദ്യമായി ബ്രസീൽ ടീമിൽ ഇടം നേടി മാർട്ടിനെല്ലി,ആരാധകർക്ക് സംതൃപ്തി!
ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ രണ്ട് മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക. മാർച്ച് 25 ആം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ചിലിയാണ്. പിന്നീട് മുപ്പതാം തീയതി നടക്കുന്ന മത്സരത്തിൽ ബൊളീവിയയെയാണ് ബ്രസീൽ നേരിടുക. ഇതിനുശേഷം അർജന്റീനക്കെതിരെ പൂർത്തിയാക്കാതെ പോയ ഒരു മത്സരം കൂടി ബ്രസീലിന് അവശേഷിക്കുന്നുണ്ട്.എന്നാൽ അതിന്റെ തീയതി ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല.
ഏതായാലും ഈ രണ്ട് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീലിയൻ പരിശീലകൻ ടിറ്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആരാധകരെ സംബന്ധിച്ചിടത്തോളം ഇതിൽ ഏറെ സംതൃപ്തി നൽകിയ ഒരു കാര്യം യുവ സൂപ്പർതാരം ഗബ്രിയേൽ മാർട്ടിനെല്ലി സ്‌ക്വാഡിൽ ഇടംനേടി എന്നുള്ളതാണ്. ആദ്യമായാണ് ഈ ആഴ്സണൽ താരം ബ്രസീലിന്റെ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.മുമ്പ് ബ്രസീലിന്റെ അണ്ടർ 23 ടീം ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയപ്പോൾ അതിൽ പങ്കാളിയാവാൻ മാർട്ടിനെല്ലിക്ക് സാധിച്ചിരുന്നു.
— Murshid Ramankulam (@Mohamme71783726) March 12, 2022
മാർട്ടിനെല്ലിക്ക് പുറമേ മറ്റൊരു ആഴ്സണൽ താരമായ ഗബ്രിയേൽ മഗലെസും ബ്രസീലിയൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഇദ്ദേഹം സ്‌ക്വാഡിൽ ഇടംനേടിയിരുന്നുവെങ്കിലും അരങ്ങേറാൻ സാധിച്ചിരുന്നില്ല. നിലവിൽ മികച്ച രൂപത്തിലാണ് മാർട്ടിനെല്ലി ആഴ്സണലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ ഏഴ് ഗോൾ പങ്കാളിത്തങ്ങൾ താരത്തിന്റെ പേരിലുണ്ട്.
അതേസമയം സൂപ്പർ താരം നെയ്മർ ജൂനിയർ ബ്രസീലിയൻ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പരിക്കുമൂലം കഴിഞ്ഞ് റൗണ്ടിൽ കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. നേരത്തെ തന്നെ ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടിയതിനാൽ ബ്രസീലിന് ഈ മത്സരങ്ങളെ ആശ്വാസത്തോടെ സമീപിക്കാം.