ആത്മവിശ്വാസത്തോടെ തന്നെയാണ് ക്വാർട്ടറിനൊരുങ്ങുന്നത് : മാർക്കിഞ്ഞോസ്!
കോപ്പ അമേരിക്കയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സമനില വഴങ്ങാനായിരുന്നു ബ്രസീലിന്റെ വിധി.1-1 എന്ന സ്കോറിന് ഇക്വഡോറാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്. മത്സരത്തിൽ ബ്രസീലിന്റെ ഗോൾ എഡർ മിലിറ്റാവോ നേടിയപ്പോൾ ഇക്വഡോറിന്റെ ഗോൾ മിനയായിരുന്നു നേടിയിരുന്നത്. ഈ മത്സരത്തിൽ ക്യാപ്റ്റൻ സ്ഥാനം വഹിച്ചിരുന്ന മാർക്കിഞ്ഞോസ് മത്സരത്തെ കുറിച്ച് മനസ്സ് തുറന്നു സംസാരിച്ചിരിക്കുകയാണിപ്പോൾ. രണ്ടാം പകുതി ഒരല്പം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും എന്നാൽ ആത്മവിശ്വാസത്തോടെ തന്നെയാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിനൊരുങ്ങുന്നത് എന്നുമാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
Marquinhos vê seleção brasileira confiante para mata-mata e valoriza rodagem do grupohttps://t.co/CoBRLV3bsv
— ge (@geglobo) June 27, 2021
” ആദ്യപകുതിയിൽ മികച്ച പ്രകടനമാണ് ഞങ്ങൾ നടത്തിയത്.ഞങ്ങളുടേതായ രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾ താളത്തിന്റെ അഭാവം നേരിട്ടു.പുതുതായി കളിക്കുന്നവർക്ക് അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.ചുരുക്കത്തിൽ രണ്ടാം പകുതിയിൽ ഒന്ന് പ്രയാസപ്പെട്ടു.ഇനിയുള്ള മത്സരങ്ങളിൽ പോസിറ്റീവ് റിസൾട്ടുകൾ ഉണ്ടാക്കാൻ ഇതൊരു പാഠമാണ് ” ഇതാണ് മാർക്കിഞ്ഞോസ് മത്സരത്തെ കുറിച്ച് പറഞ്ഞത്.
അതേസമയം ക്വാർട്ടർ ഫൈനലിനെ കുറിച്ച് പരാമർശിക്കാനും മാർക്കിഞ്ഞോസ് സമയം കണ്ടെത്തി. ” ഇനിയാണ് നിർണായകമായ ഭാഗം വരുന്നത്.നോക്കോട്ട് റൗണ്ട് മത്സരം.ഈ ഘട്ടം കടക്കാൻ വേണ്ടി സാധ്യമായ രീതിയിലുള്ള മികച്ച പ്രകടനം ബ്രസീൽ പുറത്തെടുക്കേണ്ടതുണ്ട്.നല്ല രൂപത്തിൽ തന്നെയാണ് ബ്രസീൽ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്.ഞങ്ങൾ ആത്മവിശ്വാസത്തിൽ തന്നെയാണ്.ക്ഷീണിതരായ താരങ്ങൾക്ക് ആവിശ്യമായ വിശ്രമം ലഭിച്ചിട്ടുണ്ട്.അത്കൊണ്ട് തന്നെ സാധ്യമായ മികച്ച പ്രകടനം പുറത്തെടുക്കാൻ എല്ലാവർക്കും സാധിക്കും ” മാർക്കിഞ്ഞോസ് പറഞ്ഞു.