ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനാവും, ഇടക്കാല പരിശീലകനായി ഡിനിസിനെ നിയമിച്ചു!

ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയായിരുന്നു. മാത്രമല്ല ഒരു സ്ഥിര പരിശീലകൻ ഇപ്പോൾ ബ്രസീലിനില്ല.ടിറ്റെയുടെ പകരക്കാരനെ കണ്ടെത്താൻ ഇതുവരെ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. താൽക്കാലിക പരിശീലകനായി കൊണ്ട് റാമോൻ മെനസസായിരുന്നു ബ്രസീലിനെ പരിശീലിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ സിബിഎഫ് ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനത്തിൽ എത്തിക്കഴിഞ്ഞു. അതായത് റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് ബ്രസീലിനൊപ്പം ചേരും. അതായത് അടുത്തവർഷം ജൂൺ മാസത്തിലായിരിക്കും ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനായി കൊണ്ട് എത്തുക. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതുവരെ ബ്രസീലിനെ പരിശീലിപ്പിക്കാൻ ഒരു ഇടക്കാല പരിശീലകനെ സിബിഎഫ് നിയമിച്ചു കഴിഞ്ഞിട്ടുണ്ട്.ഫെർണാണ്ടോ ഡിനിസാണ് ഈ കാലയളവിൽ ബ്രസീലിനെ പരിശീലിപ്പിക്കുക.ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസിൽ നിന്നാണ് ഡിനിസ് ഇപ്പോൾ നാഷണൽ ടീമിൽ എത്തിയിരിക്കുന്നത്. ബ്രസീലിന്റെ പരിശീലകനാവാൻ സാധിച്ചതിൽ അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

6 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇദ്ദേഹമായിരിക്കും ബ്രസീലിനെ പരിശീലിപ്പിക്കുക. അതിന് ശേഷം മാർച്ച് മാസത്തിൽ സൗഹൃദ മത്സരങ്ങളും ബ്രസീൽ കളിക്കും. അടുത്തവർഷം ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ ബ്രസീലിനെ ആഞ്ചലോട്ടിയായിരിക്കും പരിശീലിപ്പിക്കുക. അതുവരെ ടീമിനെ മികച്ച രൂപത്തിൽ മുന്നോട്ടുകൊണ്ടുപോവുക എന്ന ഉത്തരവാദിത്തമാണ് ഡിനിസിൽ അർപ്പിതമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *