ആഞ്ചലോട്ടിയുടെ പകരക്കാരൻ സ്‌കലോണി? നീക്കങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.കാരണം അദ്ദേഹം ഈ പരിശീലകസ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിലുള്ള സൂചനകൾ സ്‌കലോണി തന്നെയായിരുന്നു നൽകിയിരുന്നത്. പക്ഷേ അദ്ദേഹത്തെ നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ അർജന്റീനയുടെ ഭാഗത്ത് നിന്നുണ്ടാകും. ഈ വർഷത്തിന്റെ അവസാനം സ്‌കലോണിയും ടാപ്പിയയും തമ്മിൽ ചർച്ചകൾ നടത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഈ അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. അതായത് ലയണൽ സ്‌കലോണിയെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാൻ ഇപ്പോൾ റയൽ മാഡ്രിഡിന് താല്പര്യമുണ്ട്. മാത്രമല്ല അവർ നീക്കങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.സ്‌കലോണിയുടെ ഏജൻസിയുമായി പ്രാഥമിക കോൺടാക്ട് നടത്തിക്കഴിഞ്ഞു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.ഡോബ്ലേ അമറിയ്യ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവരെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോം,റോയ് നെമർ എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അവസാനിക്കുക.ഈ കരാർ പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. മറിച്ച് അദ്ദേഹം ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകൻ ആവാനാണ് ആഗ്രഹിക്കുന്നത്. അവരുമായി ആഞ്ചലോട്ടി ധാരണയിൽ എത്തിക്കഴിഞ്ഞു എന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതാണ്. പക്ഷേ പുതിയ ഓഫർ ആഞ്ചലോട്ടിക്ക് നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ റയൽ മാഡ്രിഡ് ഉള്ളത്.

ആഞ്ചലോട്ടി അത് നിരസിക്കുകയാണെങ്കിൽ റയലിന് പുതിയ ഒരു പരിശീലകനെ ആവശ്യമായി വരും. ആ സ്ഥാനത്തേക്കാണ് റയൽ സ്‌കലോണിയെ പരിഗണിക്കുന്നത്.മാത്രമല്ല തങ്ങളുടെ ഇതിഹാസതാരമായിരുന്ന സാബി അലോൺസോയേയും റയൽ പരിഗണിക്കുന്നുണ്ട്. നിലവിൽ ബയേർ ലെവർകൂസനെ വളരെ മികച്ച രൂപത്തിലാണ് അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *