ആഘോഷം അതിരുവിട്ടു, രണ്ട് സ്പാനിഷ് സൂപ്പർതാരങ്ങൾക്ക് വിലക്ക്!
യുവേഫ യൂറോ കപ്പിന്റെ കലാശ പോരാട്ടത്തിൽ സ്പെയിനും ഇംഗ്ലണ്ടും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് സ്പെയിൻ വിജയിക്കുകയായിരുന്നു.നിക്കോ വില്യംസ്,ഒയർസബാൽ എന്നിവർ നേടിയ ഗോളുകളാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. യൂറോ കപ്പിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ആധികാരികമായാണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്.
എന്നാൽ ഈ കിരീടാഘോഷത്തിനിടയിൽ സ്പാനിഷ് സൂപ്പർ താരങ്ങളായ ആൽവരോ മൊറാറ്റയും റോഡ്രിയും പാടിയ ഒരു ചാന്റ് വലിയ വിവാദമായിരുന്നു.ജിബ്രാൾട്ടർ സ്പാനിഷാണ് എന്നായിരുന്നു ഇവർ പാടിയിരുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിവാദമായി.ജിബ്രാൾട്ടർ ഫുട്ബോൾ അസോസിയേഷൻ യുവേഫ പരാതി നൽകി. ഈ വിഷയത്തിൽ യുവേഫ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
റോഡ്രിയും മൊറാറ്റയും കുറ്റക്കാരാണ് എന്ന് യുവേഫ കണ്ടെത്തിയിട്ടുണ്ട്. വളരെയധികം പ്രകോപിപ്പിക്കുന്നതും ഇൻസൾട്ട് ചെയ്യുന്നതുമാണ് ആ ചാന്റ് എന്നാണ് യുവേഫ കണ്ടെത്തിയിട്ടുള്ളത്.തുടർന്ന് രണ്ട് താരങ്ങൾക്കും ഒരു മത്സരത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. അതായത് യുവേഫയുടെ കോമ്പറ്റീഷനിലെ അടുത്ത മത്സരത്തിൽ കളിക്കാൻ ഇവർക്ക് സാധിക്കില്ല. സെപ്റ്റംബർ അഞ്ചാം തീയതി സെർബിയക്കെതിരെ യുവേഫ നേഷൻസ് ലീഗിൽ ഒരു മത്സരം സ്പെയിൻ കളിക്കുന്നുണ്ട്. ആ മത്സരത്തിൽ റോഡ്രിയും മൊറാറ്റയും ഇല്ലാതെ ആയിരിക്കും സ്പെയിൻ കളിക്കളത്തിലേക്ക് ഇറങ്ങുക.
എന്നാൽ സ്പെയിനിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. കാരണം നിരവധി സൂപ്പർതാരങ്ങൾ അവരുടെ ടീമിൽ ഉണ്ട്. നിലവിലെ യൂറോ കപ്പ് ജേതാക്കളും യുവേഫ നേഷൻസ് ലീഗ് ജേതാക്കളും സ്പെയിൻ തന്നെയാണ്. അടുത്ത മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ സെർബിയ,സ്വിറ്റ്സർലാൻഡ് എന്നിവരാണ് സ്പെയിനിന്റെ എതിരാളികൾ.