ആകെയുള്ള മിസ്സിംഗ് യൂറോ കപ്പാണ്,അത് ഇത്തവണ നേടണം:എംബപ്പേ
വരുന്ന യുവേഫ യൂറോ കപ്പിനുള്ള ഒരുക്കങ്ങളിലാണ് വമ്പൻമാരായ ഫ്രാൻസ് ഉള്ളത്. രണ്ട് സൗഹൃദ മത്സരങ്ങൾ അവർ കളിച്ചു കഴിഞ്ഞു.ലക്സംബർഗിനെ അവർ എതിരല്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ കാനഡയോട് ഫ്രാൻസ് ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു.ഇനി യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രിയയാണ് അവരുടെ എതിരാളികൾ. ജൂൺ പതിനേഴാം തീയതിയാണ് ഈ മത്സരം അരങ്ങേറുക.
കിലിയൻ എംബപ്പേ ക്യാപ്റ്റനായതിനുശേഷമുള്ള ആദ്യത്തെ ടൂർണ്ണമെന്റാണ് ഇത്. മാത്രമല്ല വേൾഡ് കപ്പും നേഷൻസ് ലീഗും സ്വന്തമാക്കിയ എംബപ്പേക്ക് ഇതുവരെ യൂറോ കപ്പ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ യൂറോ കപ്പ് എന്തായാലും നേടണമെന്ന് എംബപ്പേ ഇപ്പോൾ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ യൂറോ കപ്പ് സ്വന്തമാക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട്.ഞാൻ വേൾഡ് കപ്പ് നേടി,നേഷൻസ് ലീഗ് നേടി, പക്ഷേ മിസ്സിംഗ് ആയി കിടക്കുന്നത് യൂറോ കപ്പാണ്. ദേശീയ ടീമിന് വേണ്ടി സാധ്യമായതെല്ലാം ചെയ്തിട്ടുള്ള താരമാണ് ഞാൻ.ഇത്തവണത്തെ യൂറോ കപ്പും അങ്ങനെതന്നെ നേടണം.ഫ്രാൻസിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ഞാൻ കളിക്കുന്ന ആദ്യത്തെ കോമ്പറ്റീഷനാണ് ഇത്. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം കിരീടം വളരെ പ്രധാനപ്പെട്ടതാണ്.എന്റെ രാജ്യത്തിനുവേണ്ടി ചരിത്രം കുറിക്കാനുള്ള മറ്റൊരു അവസരമാണ് എന്നിൽ വന്നു ചേർന്നിരിക്കുന്നത്.കഴിഞ്ഞ വേൾഡ് കപ്പ് ഫൈനലിലെ തോൽവി തീർച്ചയായും വേദനിപ്പിക്കുന്ന ഒന്നായിരുന്നു. പക്ഷേ ഞങ്ങളും മുന്നോട്ടു പോകേണ്ടതുണ്ട് “ഇതാണ് ഫ്രഞ്ച് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
എംബപ്പേയിൽ തന്നെയാണ് ഫ്രാൻസിന്റെ പ്രതീക്ഷകൾ ഉള്ളത്. മികച്ച ഒരു താരനിരയുള്ള ഫ്രാൻസ് ഇത്തവണത്തെ കിരീടം ഫേവറേറ്റുകളിൽ ഒന്നാണ്. കഴിഞ്ഞ തവണ പ്രീ ക്വാർട്ടറിലായിരുന്നു ഫ്രാൻസ് പുറത്തായിരുന്നത്.അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ പെനാൽറ്റി പാഴാക്കിയത് കിലിയൻ എംബപ്പേയായിരുന്നു.