അർജന്റൈൻ താരത്തെ ബ്രസീലിൽ എത്തിക്കാൻ ആഗ്രഹിച്ച് റൊണാൾഡോ!

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ പ്രധാനമായും നിലവിൽ രണ്ട് ക്ലബ്ബുകളുടെ ഉടമയാണ്. തന്റെ സ്വന്തം രാജ്യമായ ബ്രസീലിലെ ക്രുസെയ്റൊ എന്ന ക്ലബ്ബിന്റെ ഉടമയാണ് റൊണാൾഡോ. മാത്രമല്ല സ്പാനിഷ് ക്ലബ്ബായ റയൽ വല്ലഡോലിഡിന്റെ ഉടമസ്ഥൻ കൂടിയാണ് ഇദ്ദേഹം. അങ്ങനെ ഫുട്ബോളുമായി ഇപ്പോഴും ഇദ്ദേഹത്തിന് നല്ല ബന്ധമാണ് ഉള്ളത്.

റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ Tyc സ്പോർട്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് പ്രശസ്ത അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന്റെ മധ്യനിരതാരമായിരുന്ന അഗുസ്റ്റിൻ അൽമേൻഡ്രയെ സ്വന്തമാക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു. ബ്രസീലിയൻ ക്ലബ്ബായ ക്രുസെയ്റൊയിൽ എത്തിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എന്നാൽ അത് നടന്നില്ല എന്നത് മാത്രമല്ല ബൊക്ക ജൂനിയേഴ്സ് മോശമായി കൊണ്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ബൊക്കയുടെ മുൻപ്രസിഡന്റ് കൂടിയായ മൗറീസിയോ മാക്രിയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ബൊക്ക ജൂനിയേഴ്സിനെ ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നവരുടെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ടെന്ന് ഞാൻ റൊണാൾഡോയോട് പറഞ്ഞിരുന്നു.അപ്പോഴാണ് അദ്ദേഹം ആ അനുഭവം പങ്കുവെച്ചത്.ബൊക്കയുടെ താരമായ അഗുസ്റ്റിനെ സ്വന്തം ക്ലബ്ബിലേക്ക് എത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ബൊക്ക ജൂനിയേഴ്സിനെ ബന്ധപ്പെട്ടപ്പോൾ അവർ മോശമായ രീതിയിലാണ് അദ്ദേഹത്തോട് പെരുമാറിയത്. പിന്നീട് ആ താരത്തിന്റെ കാര്യത്തിന് വേണ്ടി വിളിച്ചപ്പോൾ അവർ ഫോൺ എടുത്തതുമില്ല. റൊണാൾഡോക്കും അവരുടെ ഈ മോശം മാനേജ്മെന്റിന്റെ കാര്യത്തിൽ പരിഭവമുണ്ട് ” ഇതാണ് ബൊക്കയുടെ മുൻ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

അഗുസ്റ്റിൻ പിന്നീട് ബൊക്ക ജൂനിയേഴ്സ് വിട്ടുകൊണ്ട് മറ്റൊരു ക്ലബ്ബായ റേസിംഗിലേക്ക് ചേക്കേറുകയായിരുന്നു.അർജന്റീനയുടെ അണ്ടർ 20 ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. അതേസമയം അവർ അർജന്റീന ലീഗിൽ മോശം സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നിലവിൽ പതിനഞ്ചാം സ്ഥാനത്താണ് അവർ ഉള്ളത്.കോപ ലിബർട്ടഡോറസിന്റെ ഫൈനലിൽ അവർ പരാജയപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *