അർജന്റൈൻ താരത്തിന്റെ പോക്ക്,നികത്താനാവാത്ത വിടവെന്ന് പരിശീലകൻ!

ഇത്തവണത്തെ ഒളിമ്പിക്സ് ടൂർണമെന്റിൽ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ മധ്യനിര താരമാണ് എക്വി ഫെർണാണ്ടസ്. അർജന്റീനയുടെ ഭാവി വാഗ്ദാനമായി ആരാധകർ പരിഗണിക്കുന്ന താരം കൂടിയാണ് ഇദ്ദേഹം.അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന് വേണ്ടിയായിരുന്നു താരം ഇതുവരെ കളിച്ചിരുന്നത്.ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യൂറോപ്പിലേക്ക് താരം എത്തും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഖാദിസിയ അദ്ദേഹത്തെ സ്വന്തമാക്കി കഴിഞ്ഞു. കേവലം 22 വയസ്സുള്ള എക്വി ഫെർണാണ്ടസ് ഇനി സൗദി അറേബ്യയിലാണ് കളിക്കുക. താരത്തിന്റെ പോക്ക് ബൊക്ക ജൂനിയേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ഇത് അവരുടെ പരിശീലകനായ ഡിയഗോ മാർട്ടിനസ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. നികത്താനാവാത്ത വിടവാണ് എക്വി ഫെർണാണ്ടസിന്റേത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എക്വി ഫെർണാണ്ടസിന്റെ ചെറുപ്പം തൊട്ടെ എനിക്ക് അവനെ അറിയാം. ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു താരത്തെയാണ് ഇപ്പോൾ നഷ്ടമാകുന്നത്. നികത്താനാവാത്ത വിടവാണ്.കാരണം അത്രയധികം സവിശേഷതകൾ ഉള്ള താരമാണ് അദ്ദേഹം. അദ്ദേഹത്തിന് പകരക്കാരെ കണ്ടെത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.അദ്ദേഹം ആഗ്രഹിക്കുന്നത് എല്ലാം അദ്ദേഹത്തിന് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൂടുതൽ വളരാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. താരം ഇനിയും ഒരുപാട് വളരാൻ ഉണ്ട് ” ഇതാണ് ബൊക്കയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കുറച്ച് കാലം സൗദിയിൽ ചിലവഴിച്ചതിനുശേഷം അദ്ദേഹം യൂറോപ്പിലേക്ക് എത്തും എന്നാണ് അർജന്റൈൻ ആരാധകർ പ്രതീക്ഷിക്കുന്നത്. അർജന്റീനയുടെ സീനിയർ ടീമിന് വേണ്ടി ഇതുവരെ അരങ്ങേറ്റം കുറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കൂടാതെ മറ്റൊരു അർജന്റീന പ്രതിഭയായ ലൂക്ക ലംഗോണി ബൊക്ക വിട്ടു കൊണ്ട് അമേരിക്കൻ ലീഗിലേക്ക് പോവുകയും ചെയ്തിരുന്നു. നിരവധി അർജന്റൈൻ പ്രതിഭകളാണ് ഇപ്പോൾ എംഎൽഎസിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *