അർജന്റൈൻ ടീമിനൊപ്പം ചേരാനാവാതെ റൊമേറോയും ലിസാൻഡ്രോ മാർട്ടിനസും!
ഇനി നടക്കുന്ന സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റൈൻ ടീമുള്ളത്. വരുന്ന ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക. അമേരിക്കയിലെ മിയാമിയാണ് ഈ മത്സരത്തിന് വേദിയാവുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനങ്ങൾ അർജന്റൈൻ ടീം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക താരങ്ങളും ഇപ്പോൾ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ പ്രതിരോധനിരയിലെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യൻ റൊമേറോ,ലിസാൻഡ്രോ മാർട്ടിനസ് എന്നിവർക്ക് ടീമിനോടൊപ്പം ഇതേവരെ ചേരാൻ സാധിച്ചിട്ടില്ല. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
— Murshid Ramankulam (@Mohamme71783726) September 21, 2022
വിസ പ്രശ്നങ്ങൾ മൂലമാണ് ഈ രണ്ടു താരങ്ങൾക്ക് ഇപ്പോൾ ടീമിനൊപ്പം ചേരാൻ കഴിയാത്തത്. അതായത് എലിസബത്ത് രാജ്ഞയുടെ നിര്യാണവുമായി ബന്ധപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടിലെ അമേരിക്കൻ എംബസി അടച്ചിരുന്നു.അതുകൊണ്ടുതന്നെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ആവശ്യമായ പേപ്പർ വർക്കുകൾ പൂർത്തിയാക്കാൻ ഈ രണ്ടു താരങ്ങൾക്കും സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രീമിയർ ലീഗ് താരങ്ങൾ തങ്ങളുടെ ജന്മദേശമായ അർജന്റീനയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
നിലവിൽ അർജന്റീനയിലാണ് ഈ രണ്ടു താരങ്ങളും ഉള്ളത്. എന്നാൽ യാത്ര ചെയ്യാൻ ആവശ്യമായ രേഖകൾ ഇനിയും പൂർണ്ണമാവാനുണ്ട്. ഏതായാലും ഇന്ന് ഇരു താരങ്ങൾക്കും അമേരിക്കയിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഈ രണ്ടുപേരും നാളെ ടീമിനൊപ്പം പരിശീലനം ചെയ്തേക്കും.ഇരുവരെയും ശനിയാഴ്ച സ്‌കലോണി കളിപ്പിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.പ്രതിരോധനിരയിലെ വളരെ നിർണ്ണായകമായ താരങ്ങളാണ് ഇരുവരും. അതുകൊണ്ടുതന്നെ ഈ രണ്ടു താരങ്ങളുടെയും സാന്നിധ്യം അർജന്റീനക്ക് അത്യാവശ്യമാണ്.