അർജന്റൈൻ ടീമിനെ പരിഹസിച്ച റിച്ചാർലീസണ് മറുപടി നൽകി ഡിപോൾ, വീണ്ടും മറുപടിയുമായി റിച്ചാർലീസൺ!

കോപ്പ അമേരിക്ക ഫൈനലിൽ നടന്ന അർജന്റീന-ബ്രസീൽ പോരാട്ടത്തിന്റെ ബാക്കിയെന്നോണം ഇപ്പോഴും ഫുട്ബോൾ ലോകത്ത് പോര് മുറുകുകയാണ്. ബ്രസീലിയൻ താരം റിച്ചാർലീസണും അർജന്റൈൻ താരങ്ങളും തമ്മിലുള്ള സോഷ്യൽ മീഡിയ അങ്കത്തിനാണ് ഇപ്പോൾ ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുന്നത്. ഒളിമ്പിക്സിലെ ആദ്യമത്സരത്തിൽ റിച്ചാർലീസൺ ഹാട്രിക് നേടിയപ്പോൾ അർജന്റൈൻ താരമായ ലിയാൻഡ്രോ പരേഡസ് അടക്കമുള്ള താരങ്ങൾ പരിഹാസവുമായി രംഗത്ത് വന്നിരുന്നു. ഫൈനലിൽ കണ്ടില്ലല്ലോ എന്നായിരുന്നു ചോദ്യം.

അതിന് ശേഷം ഇന്നലെ ഒളിമ്പിക്സിന്റെ ഗ്രൂപ്പ്‌ ഘട്ടത്തിൽ നടന്ന മത്സരത്തിൽ ബ്രസീൽ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്‌ കീഴടക്കിയിരുന്നു. മത്സരത്തിൽ റിച്ചാർലീസൺ രണ്ട് ഗോളുകൾ നേടിയിരുന്നു. മാത്രമല്ല അർജന്റൈൻ ടീം സ്പെയിനിനോട് സമനില വഴങ്ങി കൊണ്ട് ക്വാർട്ടർ കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ഇതിന് ശേഷം അർജന്റീന ടീമിനെ കൈവീശി കാണിച്ച് യാത്രയക്കുന്ന രൂപംത്തിലുള്ള ആംഗ്യം നടത്തി പരിഹസിക്കുന്ന ഒരു വീഡിയോ ബ്രസീലിയൻ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. റിച്ചാർലീസൺ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു.

ഇതിന് മറുപടിയുമായി കൊണ്ട് രംഗത്ത് വന്നത് അർജന്റീനയുടെ താരമായ റോഡ്രിഗോ ഡി പോളാണ്. റിച്ചാർലീസൺ തന്റെ മുമ്പിൽ ഇരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച ഡി പോൾ വായടക്കൂ എന്നുള്ള ഒരു ഇമോജിയും കിരീടത്തിന്റെ ഇമോജിയും നൽകിയിട്ടുണ്ട്. കോപ്പ അമേരിക്ക ഫൈനലിലെ ബ്രസീലിന്റെ തോൽവിയെ പരിഹസിക്കുന്നതായിരുന്നു ഇത്‌. എന്നാൽ ഇതിന് റിച്ചാർലീസൺ മറുപടി നൽകുകയും ചെയ്തു.2019-ലെ കോപ്പ അമേരിക്ക കിരീടത്തിൽ റിച്ചാർലീസൺ മുത്തമിടുന്ന ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. കൂടാതെ പെലെ വേൾഡ് കപ്പുമായി നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഏതായാലും താരങ്ങളുടെ സോഷ്യൽ മീഡിയ പോരാട്ടം ആരാധകർക്കിടയിലും വലിയ ചർച്ചകൾക്ക്‌ വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *