അർജന്റീനയെ നയിക്കുക ഓട്ടമെന്റി,ലക്ഷ്യം ഗോൾഡ് മെഡൽ തന്നെയെന്ന് താരം!
ഒളിമ്പിക്സിലെ ആദ്യ മത്സരത്തിനു വേണ്ടി സൗത്ത് അമേരിക്കൻ വമ്പൻമാരായ അർജന്റീന ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ മൊറോക്കോയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം നടക്കുക. ഫ്രാൻസിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഒളിമ്പിക്സ് നടക്കുന്നത്.നിക്കോളാസ് ഓട്ടമെന്റി,ഹൂലിയൻ ആൽവരസ്,ജെറോണിമോ റുള്ളി എന്നിവരാണ് അർജന്റീനയുടെ അണ്ടർ ടീമിനോടൊപ്പമുള്ള സീനിയർ താരങ്ങൾ.
ഇന്നത്തെ മത്സരത്തിൽ ഓട്ടമെന്റി സ്റ്റാർട്ട് ചെയ്യും എന്നുള്ളത് ഗാസ്റ്റൻ എഡ്യൂൾ സ്ഥിരീകരിച്ചിട്ടുണ്ട്.മാത്രമല്ല ടീമിനെ നയിക്കുന്നതും ഇദ്ദേഹം തന്നെയായിരിക്കും. ക്യാപ്റ്റന്റെ ആംബാൻഡ് ഓട്ടമെന്റിയാണ് ധരിക്കുക. ഒളിമ്പിക് ഗോൾഡ് മെഡൽ തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ താരം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.ഓട്ടമെന്റിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” വെക്കേഷനുകൾ ഒഴിവാക്കി കൊണ്ടാണ് ഞാൻ ഈ ഒളിമ്പിക് മത്സരത്തിനു വേണ്ടി വന്നിരിക്കുന്നത്.രണ്ട് ദിവസം മാത്രമാണ് എനിക്ക് ഒഴിവ് ലഭിച്ചത്.പോർച്ചുഗലിൽ പോയി വസ്ത്രം മാറാനുള്ള ഒരു സമയമാണ് എനിക്ക് ലഭിച്ചത്. പക്ഷേ ഞാൻ വളരെയധികം ആവേശഭരിതനാണ്. കാരണം ഞാൻ ഒരിക്കലും കളിച്ചിട്ടില്ലാത്ത ഒരു കോമ്പറ്റീഷനാണ് ഇത്. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്. എന്റെ ആഗ്രഹവും പ്രായവും മനസ്സിലാക്കി കൊണ്ടാണ് ക്ലബ്ബ് എനിക്ക് ഇതിനുള്ള അനുമതി നൽകിയിട്ടുള്ളത്. അർജന്റീനയുടെ ദേശീയ ടീമിനാണ് ഞാൻ എപ്പോഴും പ്രയോറിറ്റി നൽകുന്നതെന്ന് അവർക്ക് അറിയാം.ഈ ഒളിമ്പിക് മത്സരങ്ങൾക്ക് വേണ്ടി ഞാൻ എന്റെ വെക്കേഷനാണ് സാക്രിഫൈസ് ചെയ്തത്. ഗോൾഡ് മെഡൽ അണിയാനാകും എന്ന് തന്നെയാണ് ഞാൻ കരുതുന്നത് ” ഇതാണ് ഓട്ടമെന്റി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും ഗോൾഡ് മെഡൽ നേടിയത് വമ്പൻമാരായ ബ്രസീൽ ആണ്. എന്നാൽ ഇത്തവണ യോഗ്യത നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.മൊറോക്കോയെ കൂടാതെ ഇറാക്ക്,ഉക്രൈൻ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികളായികൊണ്ട് വരുന്നത്.