അർജന്റീനയിൽ ഫുട്ബോൾ താരത്തെ കത്തികൊണ്ട് കുത്തി വീഴ്ത്തി,റഫറി അറസ്റ്റിൽ!
വളരെയധികം ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് അർജന്റൈൻ ഫുട്ബോളിൽ നിന്നും ഇപ്പോൾ പുറത്തേക്ക് വരുന്നത്. അർജന്റീനയിലെ ഒരു യൂത്ത് ഗെയിമിനിടെ മത്സരത്തിലെ റഫറി ഫുട്ബോൾ താരത്തെ കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റഫറിയെ അർജന്റൈൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അർജന്റീനയിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അർജന്റീനയിലെ മിഷൻസ് പ്രവിശ്യയിലാണ് ഈ ദാരുണമായ സംഭവം നടന്നിട്ടുള്ളത്. ഗ്രാസ് റൂട്ട് ലെവലിൽ റഫറിയായി പ്രവർത്തിക്കുന്ന റെമിജിയോ അർമോവയാണ് താരത്തെ മത്സരത്തിനിടെ കുത്തി വീഴ്ത്തിയത്. മത്സരത്തിനിടെ വാക്ക് തർക്കം ഉണ്ടായപ്പോൾ റഫറി തന്റെ കൈവശമുണ്ടായിരുന്ന കത്തി പുറത്തെടുക്കുകയും കെവിൻ എന്നറിയപ്പെടുന്ന താരത്തിന്റെ നെഞ്ചിൽ കുത്തുകയുമാണ് ചെയ്തത്.
Referee STABS 21-year-old player in Argentina grassroots game and is later arrested 😳 https://t.co/DgTd5X2fnf
— Mail Sport (@MailSport) December 9, 2023
പരിക്കേറ്റ കെവിൻ മൈതാനത്ത് വീഴുകയായിരുന്നു. തുടർന്ന് സഹതാരങ്ങൾ അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന് വരെ മുറിവേറ്റിരുന്നു. പക്ഷേ അപകടനില അദ്ദേഹം തരണം ചെയ്തു കഴിഞ്ഞു. നിലവിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല. ഉടൻതന്നെ പ്രവിശ്യയിലെ പോലീസ് റഫറിയെ അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ ഒരു അന്വേഷണം പോലീസ് നടത്തിയേക്കും.
കെവിൻ എന്ന താരത്തിന്റെ അങ്കിൾ പ്രാദേശിക മാധ്യമത്തിന് നൽകിയ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്. ” അത്ഭുതം കൊണ്ട് മാത്രമാണ് കെവിൻ രക്ഷപ്പെട്ടത്.കുടുംബത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം രക്ഷപ്പെട്ടു എന്നത് സന്തോഷ വാർത്തയാണ്.കാരണം ഞങ്ങളുടെ കുടുംബത്തിലെ മെസ്സിയാണ് അദ്ദേഹം. വളരെയധികം പ്രതിഭയുള്ള ഒരു താരമാണ് കെവിൻ.ഞങ്ങൾ ദൈവത്തോട് നന്ദി പറയുന്നു ” ഇതാണ് അദ്ദേഹത്തിന്റെ അങ്കിൾ പറഞ്ഞിട്ടുള്ളത്. ഏതായാലും റഫറി താരങ്ങൾക്കെതിരെ നടത്തിയ ഈ ആക്രമണം ഏവരെയും ഞെട്ടിക്കുന്ന ഒന്ന് തന്നെയാണ്.