അർജന്റീനക്കെതിരെയുള്ള മത്സരം ഒരു യുഗാന്ത്യം: ഇറ്റാലിയൻ കോച്ച്!
ഇന്ന് നടക്കുന്ന ഫൈനലിസിമ പോരാട്ടത്തിൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഇറ്റലിയുള്ളത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിലെ വെമ്ബ്ലിയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
കഴിഞ്ഞ യൂറോ കപ്പ് നേടാൻ ഇറ്റലിക്ക് സാധിച്ചുവെങ്കിലും വേൾഡ് കപ്പിന് യോഗ്യത നേടാൻ അസൂറിപ്പടക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ടീമിൽ ഫൈനലിസിമ മത്സരത്തിന് ശേഷം വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്നുള്ള സൂചനകൾ ഇറ്റലിയുടെ പരിശീലകനായ റോബെർട്ടോ മാൻസീനി ഇപ്പോൾ നൽകിയിട്ടുണ്ട്.അർജന്റീനക്കെതിരെയുള്ള മത്സരം ഒരു യുഗാന്ത്യമാണെന്നും ഇനി കൂടുതൽ യുവതാരങ്ങൾ ഇറ്റാലിയൻ ടീമിൽ ഉണ്ടാവുമെന്നുമാണ് മാൻസീനി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Italy head coach Roberto Mancini described the Finalissima against Argentina as the "end of an era," and marks the moment he will turn to youth https://t.co/DwtK67BiPz
— footballitalia (@footballitalia) May 31, 2022
” അർജന്റീനക്കെതിരെയുള്ള മത്സരം ഒരു യുഗാന്ത്യമാണ്. അതിനർത്ഥം ഈ മത്സരത്തിന് ശേഷം 15-20 താരങ്ങളെ ഞങ്ങൾ ടീമിൽ നിന്നും ഒഴിവാക്കും എന്നല്ല. മറിച്ച് കൂടുതൽ യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തും. ഭാവിയെ കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഭാവിയിൽ എങ്ങനെ ഇംപ്രൂവ് ആവാം എന്നുള്ളതിനെ കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്. യുവതാരങ്ങളെ ഞങ്ങൾ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ശരിയായ കാര്യം ഞങ്ങൾ ചെയ്യണം. പക്ഷേ ഇവിടേക്ക് വരാൻ ആഗ്രഹം ഇല്ലാത്തവരോട് ഞങ്ങൾ ഒരിക്കലും യാചിക്കുകയില്ല. ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട സമയമാണെങ്കിലും ഞങ്ങൾക്ക് യൂറോകപ്പ് കിരീടം നേടാൻ കഴിഞ്ഞിട്ടുണ്ട് ” ഇതാണ് മാൻസീനി പറഞ്ഞിട്ടുള്ളത്.
ഇറ്റലിയുടെ ഇതിഹാസ താരമായ കെയ്ലേനിയുടെ അവസാന മത്സരമാണ് ഫൈനലിസിമ. ഈ മത്സരത്തിന് ശേഷം പല സീനിയർ താരങ്ങൾക്കും ഇടം നഷ്ടമാവുമെന്നുള്ള മുന്നറിയിപ്പാണ് ഇപ്പോൾ ഇറ്റലിയുടെ പരിശീലകൻ നൽകിയിട്ടുള്ളത്.