അഹങ്കാരി, ഒരു ടീമിനും ഉൾക്കൊള്ളാൻ കഴിയാത്ത താരമായി മാറി ക്രിസ്റ്റ്യാനോ : വൻ വിമർശനവുമായി കാപ്പെല്ലോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു സമയമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള അദ്ദേഹത്തിന്റെ കരാർ റദ്ദാക്കപ്പെട്ടിരുന്നു. വേൾഡ് കപ്പിലും കാര്യമായൊന്നും ചെയ്യാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല.പല മത്സരങ്ങളിലും അദ്ദേഹം ബെഞ്ചിൽ ഇരിക്കേണ്ട അവസ്ഥ വന്നു. ചുരുക്കത്തിൽ എല്ലാ നിലയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ പിറകിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുക.

ഇപ്പോഴിതാ മുൻ ഇറ്റാലിയൻ പരിശീലകനായിരുന്ന ഫാബിയോ കാപ്പെല്ലോ റൊണാൾഡോക്കെതിരെ വലിയ വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. റൊണാൾഡോയുടെ സ്വഭാവത്തെയാണ് അദ്ദേഹം വിമർശിച്ചിട്ടുള്ളത്. താരം ഒരു അഹങ്കാരിയാണെന്നും ഒരു ടീമിനും ഉൾക്കൊള്ളാൻ കഴിയാത്ത വിധമുള്ള താരമായി മാറി ക്രിസ്റ്റ്യാനോയെന്നുമാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റൊണാൾഡോ തന്നെയാണ് അദ്ദേഹത്തിന്റെ കരിയർ ഈ രൂപത്തിലാക്കിയത്.ഇത് നാണക്കേടാണ്. ഒരു താരം എന്ന നിലയിൽ അദ്ദേഹത്തെ ഞാൻ ചോദ്യം ചെയ്യുന്നൊന്നുമില്ല.പക്ഷേ അദ്ദേഹം ഒരു അഹങ്കാരിയാണ്. ക്ലബ്ബ് കണ്ടെത്താനാവാതെ അദ്ദേഹം സ്വയം പല ക്ലബ്ബുകൾക്കും ഓഫർ ചെയ്യുന്നു.പക്ഷേ ഒരു ക്ലബ്ബിനും ഇപ്പോൾ അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല” ഇതാണ് ഫാബിയോ കാപെല്ലോ പറഞ്ഞിട്ടുള്ളത്.

ഏതായാലും റൊണാൾഡോ ഇനി ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളത് അവ്യക്തമായ കാര്യമാണ്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ മാത്രമാണ് റൊണാൾഡോക്ക് വേണ്ടി രംഗത്തുള്ളത്.എന്നാൽ യൂറോപ്പിൽ തന്നെ കളിക്കാനാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *