അവൻ പഴയ ക്രിസ്റ്റ്യാനോയെ ഓർമ്മിപ്പിക്കുന്നു: സ്പാനിഷ് സൂപ്പർതാരത്തെ പുകഴ്ത്തി റൂണി
യുവേഫ യൂറോ കപ്പിൽ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ സ്പെയിനും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ജർമ്മനിയിലെ ബെർലിനിൽ വെച്ചുകൊണ്ടാണ് ഈയൊരു കലാശ പോരാട്ടം അരങ്ങേറുക. മിന്നുന്ന ഫോമിൽ കളിക്കുന്ന സ്പെയിൻ ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പ്രത്യേകിച്ച് സ്പെയിൻ മുന്നേറ്റ നിരയിലെ യുവ പ്രതിഭകളായ നിക്കോ വില്യംസ്,ലാമിൻ യമാൽ എന്നിവരായിരിക്കും ഇംഗ്ലണ്ടിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുക.
ഒരു ഗോളും ഒരു അസിസ്റ്റുമാണ് നിക്കോ വില്യംസ് ഈ യൂറോയിൽ നേടിയിട്ടുള്ളത്. ഈ കണക്കിനുമപ്പുറം എതിർ ഗോൾമുഖത്ത് വളരെയധികം അപകടം വിതക്കാൻ തനിക്ക് കഴിയുമെന്ന് ഈ താരം തെളിയിച്ചിട്ടുണ്ട്. പഴയ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് നിക്കോ വില്യംസിനെ കാണുമ്പോൾ തനിക്ക് ഓർമ്മ വരുന്നത് എന്നാണ് ഇതിനെക്കുറിച്ച് ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എന്നെ സംബന്ധിച്ചിടത്തോളം വില്ല്യംസ് ഒരു അസാധാരണ താരമാണ്. അദ്ദേഹത്തെ കാണുമ്പോൾ യുവ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് ഓർമ്മ വരിക.ബോൾ എടുത്ത് ഡിഫൻഡർമാരെ മറികടന്ന് മുന്നോട്ടു പോകാൻ മാത്രമാണ് അദ്ദേഹം ശ്രമിക്കുക. പലപ്പോഴും ശരിയായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.വൺ ഓൺ വൺ സാഹചര്യങ്ങളിൽ വലിയ അപകടം വിതക്കാൻ അദ്ദേഹത്തിന് സാധിക്കും.കൂടാതെ ഗോളുകളും നേടാൻ കഴിവുണ്ട്.ഇംഗ്ലണ്ട് തീർച്ചയായും അദ്ദേഹത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.
സ്പെയിനിന്റെ വലത് വിങ്ങിൽ യമാലും ഇടത് വിങ്ങിൽ നിക്കോയുമാണ് സ്റ്റാർട്ട് ചെയ്യാറുള്ളത്.ഈ രണ്ട് താരങ്ങളും എതിരാളികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ഇംഗ്ലീഷ് പ്രതിരോധ നിരക്ക് പിടിപ്പത് പണിയുണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.