അവസരോചിത ഇടപെടലുകൾ നടത്തി കെയർ, ഹീറോക്ക് കയ്യടിച്ച് ഫുട്ബോൾ ലോകം!
ഇന്നലെ ഒരല്പം സമയം ഫുട്ബോൾ ലോകം ഒന്നടങ്കം പ്രാർത്ഥിച്ച ഒരേയൊരു കാര്യം ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണിന്റെ തിരിച്ചു വരവിന് വേണ്ടിയായിരുന്നു. കാർഡിയാക്ക് അറസ്റ്റ് മൂലം എറിക്സൺ മൈതാനത്ത് കുഴഞ്ഞു വീണത് എല്ലാവരിലും ഭീതി പടർത്തി. പിന്നീട് താരത്തെ രക്ഷിക്കാനുള്ള മെഡിക്കൽ ടീമിന്റെ അശ്രാന്ത പരിശ്രമമായിരുന്നു. കൂടെ ലോകത്തിന്റെ പ്രാർത്ഥനയും. ഒടുവിൽ എല്ലാ ശ്രമങ്ങളും ഫലം കണ്ടു. എറിക്‌സൺ അപകടനില തരണം ചെയ്തു എന്നറിഞ്ഞപ്പോഴാണ് ഫുട്ബോൾ ലോകത്തിന് ശ്വാസം നേരെ വീണത്.
Simon Kjaer not just a captain, but a hero.#Eriksen pic.twitter.com/jRTFDgs1mq
— Yusuf de Souza (@elalmis10) June 12, 2021
ഇത്തരമൊരു ഘട്ടത്തിൽ എല്ലാം കൊണ്ടും അവസരോചിത ഇടപെടലുകൾ നടത്തിയ ഡെന്മാർക്ക് നായകൻ സിമോൺ കെയറിന് കയ്യടിക്കുകയാണ് ഫുട്ബോൾ ലോകം. മൈതാനത്ത് കുഴഞ്ഞു വീണ എറിക്സണിന്റെ സമീപത്തേക്ക് ആദ്യം ഓടിയെത്തിയ താരങ്ങളിൽ ഒരാൾ കെയറായിരുന്നു. വീണു കിടക്കുന്ന എറിക്സൺ നാവ് വിഴുങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തിയത് ഡെന്മാർക്ക് നായകൻ തന്നെയായിരുന്നു. പിന്നീട് തങ്ങളുടെ ഉറ്റസുഹൃത്തിന് ചികിത്സ നൽകുന്നത് മാധ്യമകണ്ണുകളിൽ നിന്ന് മറച്ചു വെക്കാൻ സഹതാരങ്ങൾക്ക് നിർദേശം നൽകിയതും കെയർ തന്നെയായിരുന്നു.ഒടുവിൽ എറിക്സണിന്റെ ഭാര്യയായ സബ്രിനയെ ആശ്വസിപ്പിക്കാൻ മുമ്പിൽ ഉണ്ടായിരുന്നതും കെയർ തന്നെയായിരുന്നു. ഇങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തിൽ എല്ലാം കൊണ്ടും അവസരോചിതപ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച കെയറിന് ഹൃദയം കൊണ്ട് കയ്യടി നൽകുകയാണ് ഓരോരുത്തരും.